പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നാല് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കടുത്ത നടപടിയുമായി കെപിസിസി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി അന്വേഷണ കമ്മിഷന്റെ ശുപാർശയിലാണ് നടപടി.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിവാഹ സത്കാരവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നു വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ 13-ാം പ്രതിയും സിപിഎം നേതാവുമായ എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സർക്കാരത്തിലാണ് ഇവർ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയുടെ സ്ഥാനം തെറിച്ചിരുന്നു. ഇത് പൊറുക്കാൻ കഴിയാത്ത തെറ്റെന്ന് പറഞ്ഞാണ് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പ്രമോദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. താൻ മാത്രമല്ല വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതെന്നും കോൺഗ്രസ് നേതാക്കൾ പലരുമുണ്ടായിരുന്നുവെന്നും അവരുടെ പേരുപറഞ്ഞ് പ്രമോദ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ കാസർകോട് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ സോഷ്യൽ മീഡിയയിൽ കൂടി ശക്തമായി രംഗത്തെത്തിയിരുന്നു. വിവാഹ സത്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിൽ ഉണ്ടാകില്ലെന്നായിരുന്നു ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെതിരേ ബാലകൃഷ്ണൻ പെരിയയും രംഗത്തെത്തിയിരുന്നു.
തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്കെതിരേ സമൂഹ മാധ്യമ പോസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാനും കെപിസിസി അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

