കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ് സാലിഹ് അൽ ഷൈബ അന്തരിച്ചു
മക്ക: കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ് സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മക്കയിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലർച്ചെ സുബഹി നമസ്കാരത്തോട് അനുബന്ധിച്ച് മക്ക മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കരിക്കുകയും മക്കയിലെ അൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു.
കഅബയുടെ ആദ്യ താക്കോൽ സൂക്ഷിപ്പുകാരൻ ഉത്മാൻ ബിൻ തൽഹയുടെ 109 ആം പിൻമുറക്കാരനാണ് ശൈഖ് സാലിഹ്. പാരമ്പര്യമായി കൈമാറി കിട്ടിയതാണ് വിശുദ്ധ ഗേഹത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതല. മക്കയിൽ ജനിച്ച ശൈഖ് സാലിഹ് ഇസ്ലാമിക പഠനത്തിൽ ഗവേഷണ ബിരുദം നേടി. മക്കയിൽ സർവകലാശാല പ്രഫസറായി സേവനം അനുഷ്ഠിച്ചു. മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
പ്രവാചകന്റെ മക്ക വിജയത്തിന് ശേഷമാണ് അൽ ഷൈബ കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിച്ചത്. കഅബയുടെ ശുചീകരണവും അറ്റകുറ്റപ്പണികൾ തീർക്കലും തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബ കുടുംബത്തിനാണ്.