നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്രം; എൻ.ടി.എ. ഡയറക്ടർ ജനറലിനെ നീക്കി

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.എ.ടി.) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി.റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി.
ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻ.ടി.എ.യുടെ ഡയറക്ടറൽ ജനറൽ സ്ഥാനം അധിക ചുമതലയായാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം വ്യക്തമാക്കി.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിപക്ഷവും ശക്തമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടിയെന്നോണം എൻ.ടി.എ. ഡി.ജി.യെ കേന്ദ്രം നീക്കിയിരിക്കുന്നത്.