ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ സഹായം തേടി ഇസ്രായേൽ: യുഎസിന്റെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടു

വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനായാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്നത്തെ യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. തുടർച്ചയായി മൂന്നാം ദിവസമാണ് യോഗം ചേരുന്നത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇറങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.