സമാധാനം അല്ലെങ്കില്‍ ദുരന്തം, ഇനിയും ലക്ഷ്യങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍മ്മിക്കണം’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.
വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗർഭ ആണവ കേന്ദ്രമായ ഫോർദോ തകർത്തെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്‍കി. ‘ഇത് തുടരാൻ കഴിയില്ല. ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങള്‍ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ചർച്ചകള്‍ക്ക് ഇറാൻ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ്റെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ നടന്ന ആക്രമണം ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്ബുഷ്ടീകരണ സൗകര്യങ്ങള്‍ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോള്‍ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കില്‍ ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ ബാക്കിയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാൻ അമേരിക്കയ്ക്ക് വേഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാൻ നിർമ്മിച്ച ഫോർദോ, നദാൻസ്, ഇസ്ഫഹാൻ തുടങ്ങിയ വിനാശകരമായ ആണവ കേന്ദ്രങ്ങളുടെ പേര് അവർ അത് നിർമ്മിച്ച കാലം മുതല്‍ എല്ലാവരും കേള്‍ക്കുന്നതാണ്. ലോകത്തിന് ഭീഷണിയായ
ഇറാൻ്റെ ആണവ സമ്ബുഷ്ടീകരണ ശേഷി ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം’, ട്രംപ് വ്യക്തമാക്കി.
ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച ട്രംപ് ഇസ്രയേലിൻ്റെ ഗുരുതര ഭീഷണിയെ മായ്ക്കാൻ ഞങ്ങള്‍ ടീമായി പ്രവർത്തിച്ചുവെന്നും വ്യക്തമാക്കി. ഇറാൻ്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി ആയിരക്കണിക്കിന് ആളുകളെ കൊന്നെന്നും അതിനിയും ആവർത്തിക്കരുതെന്നും തുടരരുതെന്നും താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ആദ്യ ടേം പ്രസിഡൻ്റായിരിക്കെ ട്രംപിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു ഇറാഖില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോർപ്പിൻ്റെ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിൻ്റെ മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. പശ്ചിമേഷ്യയില്‍ ഇറാൻ അനുകൂല സായുധ സംഘടനകളെ നിയന്ത്രിക്കുകയും അവരുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ചുമതല ഖാസിം സുലൈമാനിക്കായിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി കൂടിയായിരുന്നു ഖാസിം സുലൈമാനി. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാൻ-ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയും പങ്കുചേർന്നിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇറാനില്‍ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെല്‍ത്ത് ബോംബർ വിമാനങ്ങള്‍ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയില്‍ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഗുവാം ദ്വീപില്‍ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോള്‍ തയ്യാറകണമെന്ന് ഇതിന് പിന്നാലെ ട്രംപ് തൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.