KSDLIVENEWS

Real news for everyone

ന്നാ താൻ കേസ് കൊട്’; സിനിമയിൽ കാസർകോടൻ ഭാഷ സ്വീകാര്യത നേടിയ വർഷം

SHARE THIS ON

കാസർകോട് ∙ പുരസ്കാരങ്ങളുടെ പെരുമഴക്കാലമായിരുന്നു ഇന്നലെ കാസർകോടൻ സിനിമയ്ക്ക്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്ക് 7 സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും നടൻ പി.പി.കുഞ്ഞിക്കൃഷ്ണന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും ലഭിച്ചു. കാസർകോട് ചിത്രീകരിച്ച സിനിമകൾ മുൻപും വിജയിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ പുതിയ ചിത്രങ്ങൾ കാസർകോട് ലൊക്കേഷനായി തിരഞ്ഞടുക്കാൻ പ്രേരകമായത് ‘ന്നാ താൻ കേസ് കൊടി’ന്റെ വൻ വിജയമായിരുന്നു


ന്നാ താൻ കേസ് കൊട്’ സിനിമയുടെ ചിത്രീകരണ വേളയിൽ ഗംഗാധരൻ കുട്ടമത്ത് നടൻ കുഞ്ചാക്കോ ബോബനോടൊപ്പം


ലോക്ഡൗൺ പ്രതിസന്ധിയും ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയും തിയറ്ററുകളിൽ ആളുകൾ കുറഞ്ഞ സാഹചര്യത്തിലും ഈ സിനിമ മികച്ച വിജയം നേടി. മലയാള സിനിമയിൽ അത്ര സാധാരണമല്ലാതിരുന്ന കാസർകോടൻ ഭാഷയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെയാണ്. നർമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളും ശൈലികളും ചർച്ച ചെയ്യപ്പെട്ടു. കാസർകോടൻ ഭാഷയും വ്യാപകമായി സ്വീകാര്യത നേടി. വിൻസി അലോഷ്യസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ‘രേഖ’ സിനിമയിലും കാഞ്ഞങ്ങാടൻ ഭാഷാ പ്രയോഗങ്ങളുണ്ട്. പ്രാദേശിക ഭാഷാ വ്യത്യാസങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടിയ വർഷമാണ് കടന്നു പോയത്. 


സന്തോഷം മാത്രം: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

‘അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. അതിനപ്പുറത്തേക്ക് ഒന്നുമില്ല.’ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കേട്ടപ്പോൾ ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.‘ജന്മനാട്ടിൽ വീടിനടുത്ത് പയ്യന്നൂർ അമ്പലമൈതാനിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് അവാർഡ് വിവരം അറിഞ്ഞത്. ആ പടത്തിലുള്ള കുറെയാളുകൾ ഈ പടത്തിലും എനിക്കൊപ്പമുണ്ട്. അവർക്കൊപ്പം ഈ സന്തോഷം പങ്കിടാനായി.’

കുഞ്ഞിക്കൃഷ്ണൻ മാഷ്


അവാർഡിലും തിളങ്ങി കുഞ്ഞിക്കൃഷ്ണൻ മാഷ്

തൃക്കരിപ്പൂർ ∙ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് തേടിയെത്തുമ്പോൾ കുഞ്ഞിക്കൃഷ്ണൻ, ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കായി എറണാകുളത്ത് വിസ്മയ സ്റ്റുഡിയോയിൽ ഡബിങ്ങിലാണ്. സിനിമാ അഭിനയവും ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ സംസ്ഥാന സർക്കാർ പുരസ്കാരവും. പി.പി.കുഞ്ഞിക്കൃഷ്ണനു യാദൃശ്ചികമാണ് രണ്ടും. ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ റിട്ട.അധ്യാപകനായ കുഞ്ഞിക്കൃഷ്ണൻ, രണ്ടാം വട്ടം പടന്ന പഞ്ചായത്ത് അംഗമായി ജനസേവനം തുടരുന്നതിനിയിലാണു സിനിമയിലെത്തിയത്.

നിമിത്തമായത് സിനിമാ–സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ. തനിക്ക് പറ്റിയതല്ല സിനിമാ രംഗമെന്നു കരുതി മടിച്ചു. പക്ഷേ, ഉണ്ണിരാജ് നിർബന്ധം തുടർന്നപ്പോഴാണ് ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തത്. ആ സിനിമയ്ക്കു പിന്നാലെ കുഞ്ഞിക്കൃഷ്ണനെ തേടിയെത്തിയത് ഒരു പിടി ചിത്രങ്ങൾ. 9 ചിത്രങ്ങളിൽ അഭിനയിച്ചു. നാട്ടുമ്പുറത്തെ നാടക സമിതികളിലെ അഭിനയമാണ് അരങ്ങിൽ തെളിയാൻ ധൈര്യം പകർന്നത്. കൃഷി രംഗത്തും പരിസര ശുചിത്വത്തിലും വാർഡ് തലത്തിൽ മത്സരങ്ങൾ ഒരുക്കി മാതൃക സൃഷ്ടിച്ച സിപിഎം പ്രവർത്തകൻ കൂടിയാണ് പി.പി.കുഞ്ഞിക്കൃഷ്ണൻ

ജിതിൻ ഐസക് തോമസ്


‘രേഖ’യും കാസർകോടൻ പശ്ചാത്തലത്തിൽ; പ്രതീക്ഷിച്ച പുരസ്കാരം

വിൻസി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. സംസ്ഥാന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ വിൻസി എത്തുമെന്ന് സിനിമ പൂർത്തിയായ സമയത്ത് തന്നെ കരുതിയിരുന്നു. നായികാ കേന്ദ്രീകൃതമായ ‘രേഖ’ സിനിമയുടെ കഥ കാസർകോടൻ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ചിത്രീകരണം കാസർകോട് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് എറണാകുളത്തേക്കു മാറ്റി. കാഞ്ഞങ്ങാടൻ ഭാഷാ ശൈലിയാണു ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇനിയും മികച്ച ചിത്രങ്ങൾ ചെയ്യാൻ വിൻസിക്കു സാധിക്കും. -ജിതിൻ ഐസക് തോമസ് (‘രേഖ’ സിനിമ സംവിധായകൻ, ബന്തടുക്ക സ്വദേശി)

ലൊക്കേഷൻ വിശേഷം: ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ ഹിറ്റായ കാസർകോടൻ ഗ്രാമങ്ങൾ

ദാ, കുഞ്ചാക്കോ ബോബന്റെ വീട്. സിനിമയിലെ മറ്റൊരു കേന്ദ്രമായിരുന്നു. കുഞ്ചാക്കോ ബോബന്റെ പുഴയോരത്തുള്ള വീട്. മയിച്ച പഴയ കടവിൽ ഒരുക്കിയ വിട് സിനിമയുടെ ചിത്രികരണം കഴിഞ്ഞിട്ടും പൊളിച്ച് മാറ്റിയില്ല അത് കൊണ്ട് തന്നെ ഈ വിടും വിടിന് മുന്നിലെ കിണറും ഇവിടെ തന്നെ ഉണ്ട്.

കയ്യൂരിലുയർന്നു,കോടതി

ഒട്ടേറെ സിനിമകൾ ചിത്രീകരിച്ച ഇടമാണ് കയ്യൂർ. വർഷങ്ങൾക് മുൻപ് കയ്യൂർ സമര പോരാട്ടത്തിന്റെ കഥ പറഞ്ഞ ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ എന്ന സിനിമയുടെ ലൊക്കേഷൻ കയ്യൂർ ആയിരുന്നു. അരയാൽ കടവ് എന്ന സിനിമയും കയ്യൂരിലാണ് ചിത്രികരിച്ചു ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ പ്രധാന കേന്ദ്രമായ കോടതിയുടെ ലൊക്കേഷൻ കയ്യൂർ ആയിരുന്നു. കയ്യൂരിലെ ഉദയഗിരി കുന്നിലാണ് കോടതി സ്ഥാപിച്ചത്.

ദേവദൂതൻ പാടി,പുലിയന്നൂരിൽ

സിനിമയിലെ പ്രധാനപ്പെട്ട ഗാനമായ ‘ദേവദൂതൻ പാടി’ ചിത്രീകരിച്ച ഉത്സവപ്പറമ്പ് ഒരുക്കിയത് കയ്യൂർ – ചിമേനി പഞ്ചായത്തിലെ പുലിയന്നൂർ ഗ്രാമത്തിലായിരുന്നു. ഒരു പകലും രാത്രിയും ഉറക്കമൊഴിഞ്ഞ് പാട്ടിന് വേണ്ടി ചിത്രീകരണം നടത്തിയപ്പോൾ പുലിയന്നൂർ ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് ആളുകളാണ് സഹകരിച്ചത്.

റോഡിലെ കുഴിയും പോസ്റ്റർ വാചകവും

കേരളത്തിലെ റോ‍ഡുകളുടെ അവസ്ഥയെപ്പറ്റി ചർച്ച നിലനിൽക്കുന്നതിനിടെയാണ് ‘തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകവുമായി ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ വരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ മുറുകുന്നതിനിടെ തിയറ്ററുകളിൽ സിനിമ നിറഞ്ഞോടിത്തുടങ്ങിയിരുന്നു. 50 കോടി കടക്കുന്നതിന് തൊട്ടുമുൻപ് പുതിയ പരസ്യമെത്തി: ‘വഴിയിൽ കുഴിയില്ല, എങ്കിലും എത്തിയേക്കണേ’. സിനിമ പറഞ്ഞ രാഷ്ട്രീയത്തിനുമപ്പുറം സാധാരണക്കാരുടെ ആത്മാഭിമാനക്കഥ കൂടെ ഉൾക്കൊണ്ട പ്രേക്ഷകർ സിനിമയ്ക്കൊപ്പം നിന്നു. സിനിമ ജയിച്ചു, സ്ക്രീനിലും മനസ്സിലും. ചെറിയ വിവാദങ്ങളുണ്ടായെങ്കിലും പ്രേക്ഷക സ്വീകാര്യതയും ഇപ്പോൾ പുരസ്കാര നേട്ടവും അതിനെ മായ്ച്ചുകളയുന്നു. 

ആദ്യ സിനിമയ്ക്കുതന്നെ അംഗീകാരം

“സിനിമയുടെ പിന്നണിയിൽ സാങ്കേതിക സഹായം നൽകാനെത്തിയ ഞാൻ അതിൽ അഭിനയിച്ചു. സിനിമയ്ക്കു ലഭിച്ച സ്വീകാര്യത കണ്ടപ്പോൾ തന്നെ അവാർഡ് പ്രതീക്ഷിരുന്നു. അഭിനയിച്ച ആദ്യ സിനിമയ്ക്കു തന്നെ പുരസ്കാരവും. വളരെ സന്തോഷമുണ്ട്. “- ഗംഗാധരൻ കുട്ടമത്ത്  (അഭിഭാഷകൻ, നടൻ)

സി.ഷുക്കൂർ


“കാസർകോടിനുള്ള പുരസ്കാരമാണിത്, ഭാഷയ്ക്കുള്ള അംഗീകാരവും. പണ്ട് സിനിമയെന്നാൽ മദ്രാസ് ആയിരുന്നു. ഇപ്പോൾ അത് കൊച്ചിയും കടന്ന് നമ്മുടെ നാട്ടിലെത്തിയിരിക്കുന്നു. അവാർഡിന്റെ ഭാഗമായതിൽ സന്തോഷം.” -സി.ഷുക്കൂർ (അഭിഭാഷകൻ, നടൻ)

രാജേഷ് മാധവൻ


“സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ നേതൃത്വത്തിൽ വലിയൊരു കൂട്ടായ്മയുടെ വിജയമാണിത്. പ്രാദേശികമായി കഴിവു തെളിയിച്ച ഒട്ടേറെപ്പേർക്ക് അവസരം ലഭിച്ചു. കുഞ്ഞിക്കൃഷ്ണൻ മാഷിന്റെ പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷം.” -രാജേഷ് മാധവൻ (നടൻ, കാസ്റ്റിങ് ഡയറക്ടർ)

ചിത്ര നായർ


“ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് തന്നെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. കഥാപാത്രത്തെ ഇപ്പോളും ആളുകൾ ഓർക്കുന്നു.” -ചിത്ര നായർ, നടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!