ഓണ്‍ലൈൻ തട്ടിപ്പ്; കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ വീടുകളില്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലെൻ തട്ടിപ്പുകളുടെ കേന്ദ്രമെന്ന് കണ്ടെത്തിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത മലയാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയവരുടെ വിവരങ്ങളാണ് തേടുന്നത്. കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാള്‍സെന്റർ കേന്ദ്രീകരിച്ച് ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയ നാല് മലയാളികള്‍ അറസ്റ്റിലായിരുന്നു. ഈ അഞ്ച് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം സൈബർ തട്ടിപ്പിലൂടെ മലയാളികളില്‍നിന്ന് കോടികള്‍ തട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡി.ജി.പി പ്രത്യേക പരിശോധനക്ക് ഉത്തരവിട്ടത്.
കൊച്ചിയില്‍ നിന്നും വിമാനത്തില്‍ വിയാറ്റ്നാമിലെത്തുന്ന സഞ്ചാരികളെ അവിടെ നിന്നും റോഡ് മാർഗം കംബോഡിയയിലേക്ക് അനധികൃതമായി കടത്തുന്നുണ്ട്. കുറുക്ക് വഴികളിലൂടെ തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളില്‍ തെഴില്‍തേടി പോകുന്ന യുവാക്കളെ തടവിലാക്കിയാണ് സൈബർ കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. അടുത്തിടെയായി കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികള്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഈ സാധ്യത മനസ്സിലാക്കി ടൂറിസ്റ്റ് ഏജൻസികള്‍ ഇവിടേക്ക് പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ടൂറിസ്റ്റ് വിസയില്‍ പോയ പലരും തിരിച്ചെത്തിയിട്ടില്ലത്രെ. ഇത്തരക്കാരുടെ ഡാറ്റാബേസ് തയാറാക്കാനാണ് പൊലീസിന്റെ സൈബർ അന്വേഷണവിഭാഗവും കേന്ദ്ര ഏജൻസികളും തീരുമാനിച്ചത്. കാണാതായവർ എവിടെയാണെന്ന് പരിശോധിക്കാനും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയി തിരിച്ചുവരാത്തവരില്‍ പലരും ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തില്‍ ചേർന്നിരിക്കുമെന്നാണ് പൊലീസ് അനുമാനം. കഴിഞ്ഞ 18 മാസത്തിനിടെ വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളില്‍നിന്ന് ഇത്തരം റാക്കറ്റുകളില്‍ ഉള്‍പ്പെട്ട 120ഓളം മലയാളികളെ തിരിച്ചയച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും കാള്‍ സെന്ററുകളില്‍ ജോലിചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ചതായും കണ്ടെത്തിയിരുന്നു.
തട്ടിപ്പ് ഇങ്ങനെ
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇരകളെ കണ്ടെത്തുന്നത്. പരസ്യങ്ങളും ലിങ്കുകളും അയച്ചുകൊടുത്ത് അതിലൂടെ പണം നിക്ഷേപിക്കുന്നവർക്ക് തുടക്കത്തില്‍ ചെറിയ തുകകള്‍ ലാഭവിഹിതമായി നല്‍കും. തുടർന്ന് ഉയർന്ന തുക നിക്ഷേപിച്ച് കൂടുതല്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കും. വലിയ തുക നിക്ഷേപിച്ചാല്‍ അതിന്റെ ഉയർന്ന ലാഭവിഹിതം വെർച്വല്‍ അക്കൗണ്ടുകളില്‍ കാണിക്കും. എന്നാല്‍ പണം പിൻവലിക്കാൻ ശ്രമിക്കുമ്ബോള്‍ ഡാക്സ്, കസ്റ്റമർ സർവിസ്, ജി.എസ്.ടി, യുസർ ഫീ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടും.

