ഇത്തവണ പെയ്തത് കിടിലൻ മഴ; മേയ് 24 മുതൽ ഇതുവരെ കാസർകോട് ജില്ലയിൽ 58% അധികം മഴ

കാസർകോട്: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇത്തവണ പെയ്തതു റെക്കോർഡ് മഴ. മേയ് 20 മുതൽ ജൂലൈ 20 വരെയുള്ള 60 ദിവസത്തിൽ 38–39 ദിവസങ്ങളിലും സാധാരണ ലഭിക്കേണ്ട അളവിലുള്ള മഴ ഇരു ജില്ലകളിലും ലഭിച്ചു. ജൂൺ തുടക്കത്തിൽ മാത്രമാണു മഴയിൽ അൽപം കുറവുണ്ടായത്. മേയ് 24 മുതൽ ഇതുവരെ കാസർകോട് ജില്ലയിൽ 2772 മില്ലിമീറ്റർ (58% അധികം) മഴ ലഭിച്ചപ്പോൾ കണ്ണൂരിൽ 2667 മില്ലിമീറ്റർ (67% അധികം) മഴ ലഭിച്ചു. എന്നാലിതു കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കല്ല.
ഇനിയുള്ള ഒരാഴ്ച കൂടി ജില്ലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.23 വരെയുള്ള ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും 24നും 25നും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.