പെരിയ ഇരട്ടക്കൊല: തിങ്കളാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ എം പി 24 മണിക്കൂർ നിരാഹാര സമരം നടത്തും.
പെരിയ ഇരട്ട കൊല കേസിൽ സി ബി ഐ അന്വേഷണത്തിന് തടസ്സം നിൽക്കുന്ന സംസ്ഥാന സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ 24 മണിക്കൂർ നിരാഹാര സമരം തിങ്കളാഴ്ച കല്ല്യോട്ട് നടക്കും.
കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊല ചെയ്ത കേസിലെ എല്ലാ പ്രതികളും മാർക്സിസ്റ്റുകാർ ആണെന്നിരിക്കെ. പ്രതികളെ രക്ഷിക്കാൻ തുടക്കം മുതൽ സംസ്ഥാന ഗവൺമെന്റ് ശ്രമിച്ചുവരികയാണ്. പ്രതികൾ രക്ഷപ്പെടുന്ന തരത്തിലുള്ള ദുർബല തെളിവുകളും, പ്രതികൾക്ക് സ്വാധീനിക്കാൻ പറ്റുന്ന സാക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ തയ്യാറാക്കിയത്. ഇത് പ്രകാരം കേസ് നടത്തിയാൽ തങ്ങൾക്ക് നീതി ലഭിക്കില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കന്മാർ ഹൈക്കോടതിയെ സമീപിക്കുകയും, സംസ്ഥാന പോലീസിന്റെ അന്വേഷണവും എഫ്ഐആറും വിലയിരുത്തിയ കോടതി, പോലീസിനെയും അന്വേഷണ രീതിയും നിശിതമായി വിമർശിക്കുകയും പോലീസ് തയ്യാറാക്കിയ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സിബിഐക്ക് നൽകണമെന്ന് കോടതി നിർദേശിച്ചുവെങ്കിലും 11 മാസങ്ങൾ കഴിഞ്ഞിട്ടും കേസ് ഡയറിയോ അനുബന്ധ രേഖകളോ പോലും സിബിഐക്ക് കൈമാറാൻ സംസ്ഥാന ഗവൺമെന്റ് തയ്യാറായില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നും, പ്രതികൾക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവാക്കി അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെതിരെയും, അടിയന്തിരമായി, കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ കേസ് ഡയറി സിബിഐക്ക് കൈമാറണമെന്നും കേസ് അന്വേഷിച്ചു മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ മുതൽ 24 മണിക്കൂർ കല്യോട്ട് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിരാഹാരം അനുഷ്ഠിക്കുമെന്ന് എം പി അറിയിച്ചു.