ഗാർഹിക പീഡനവും സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നു; ബോധവൽക്കരണവുമായി വനിതാ കമ്മിഷൻ

കാസർകോട്∙യുവാക്കൾക്കിൾക്കിടയിൽ വിവാഹബന്ധം വേർപിരിയുന്നതും ഗാർഹിക പീഡനവും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി വനിത കമ്മിഷൻ രംഗത്ത്. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുൻപേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം തുടങ്ങിയതായി വനിതാ കമ്മിഷൻ അംഗം പി.വി.കുഞ്ഞയിഷ പറഞ്ഞു. യുവാക്കൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ തകർക്കുന്നുവെന്നും പൊലീസും എക്‌സൈസും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ സമിതിയും ചേർന്നാണ് ജനങ്ങൾക്കിടയിൽ ബോധവൽകരണം നടത്തുന്നത്. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള കൗൺസലിങ് നൽകുന്നുണ്ട്. വിവാഹ റജിസ്ട്രേഷന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവാഹ പൂർവ കൗൺസലിങ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലയിൽ കമ്മിഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മിഷൻ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാർഡ് ഏർപ്പെടുത്തിയിരുന്നു. കമ്മിഷൻ സിറ്റിങ്ങിൽ 21 പരാതികൾ പരിഗണിച്ചു. 6 പരാതികൾ തീർപ്പാക്കി. 15 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. ഗാർഹിക പീഡനം, വഴി തർക്കം, സൈബർ കുറ്റകൃത്യങ്ങൾ, ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ സിറ്റിങ്ങിൽ വിഷയമായത്. ഇന്ദിരാവതി, വനിതാ സെൽ എസ്എച്ച്ഒ വി.സീത, എഎസ്ഐ പി.ജെ.സക്കീന, ഫാമിലി കൗൺസിലർ കെ.രമ്യമോൾ, കമ്മിഷൻ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരൻ, പി.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു

