KSDLIVENEWS

Real news for everyone

നടപടിയെടുത്തില്ലെങ്കിൽ ഹേമ കമ്മിറ്റി രൂപീകരിച്ചത് പാഴ്‌വേല’: പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കാനും സർക്കാരിന് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പെടെയുള്ളവ പാഴ്‌വേലയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി. 

ലൈംഗികാതിക്രമം ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വനിതാ കമ്മിഷനെയും കക്ഷി ചേർത്തു. ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൊഴികൾ നൽകിയവർക്കു മുന്നോട്ടുവരാൻ പറ്റാത്ത സാഹചര്യമാണ്. കമ്മിറ്റിയോടു പേര് പറയാൻ സർക്കാരിന് ആവശ്യപ്പെടാനാവില്ല. സർക്കാരിന്റെ ധർമസങ്കടം മനസ്സിലാകും. എന്നാൽ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിർദേശിച്ചു അതേസമയം, ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിഷനല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനാണു കമ്മിറ്റി വച്ചത്. ഇതിൽ മൊഴി നൽകിയവർ‍ക്ക് മുന്നോട്ടു വരാൻ പറ്റാത്ത അവസ്ഥയാണ്. കമ്മിറ്റിയോടു പേര് പറയാൻ സർക്കാരിന് ആവശ്യപ്പെടാനാവില്ല. അത് അവരെ ബുദ്ധിമുട്ടിക്കലാക്കും. എല്ലാ പേരുകളും രഹസ്യമാണ്. സർക്കാരിന്റെ പക്കലും പേരുകളില്ല. എന്നാൽ ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നിയമനടപടി എടുക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!