KSDLIVENEWS

Real news for everyone

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നിൽ എസ്എഫ്‌ഐ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

SHARE THIS ON

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരുന്നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്കുള്ള വഴിയില്‍വെച്ച് ആദ്യം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ഇത് വകവെയ്ക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് എംഎല്‍എയുടെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തേ ആരോപണങ്ങളില്‍ അടിപതറി വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞ് ഒരു മണിക്കൂറിനകമായിരുന്നു രാജിപ്രഖ്യാപനം.

ബുധനാഴ്ച വൈകീട്ട് യുവനടി റിനി ആന്‍ ജോര്‍ജ്, രാഹുലിന്റെ പേരുപറയാതെ ഉയര്‍ത്തിയ സൂചനകള്‍ക്ക് വ്യാഴാഴ്ച രാവിലെയോടെ തെളിച്ചംവന്നു. എഴുത്തുകാരി ഹണി ഭാസ്‌കര്‍, രാഹുലിന്റെ പേര് പരാമര്‍ശിച്ച് ദുരനുഭവം വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് അപ്പാടേ സമ്മര്‍ദത്തിലായി. മറ്റൊരു സ്ത്രീയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദശകലത്തിലെ വ്യക്തി രാഹുലാണെന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചു. പിന്നാലെ കൂടുതല്‍ ആരോപണങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചതോടെ വ്യാഴാഴ്ച അടൂരിലെ വീട്ടില്‍വെച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചതായി രാഹുല്‍ അറിയിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്കുമുന്നില്‍ തന്റെ വാദങ്ങള്‍ നിരത്തിയശേഷമായിരുന്നു രാജിപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!