ജില്ലയിലെ വിനോദസഞ്ചാരവികസനത്തിന് ഡി.ടി.പി.സി.യും കേന്ദ്ര സർവകലാശാലയും കൈകോർക്കുന്നു

കാസർകോട്: വിനോദസഞ്ചാര കേന്ദ്രങ്ങളെ മികവുറ്റതാക്കാനും ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതിനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) കേരള കേന്ദ്ര സർവകലാശാലയിലെ ടൂറിസം പഠനവകുപ്പും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിനോദസഞ്ചാര ഭൂപടത്തിൽ കാസർകോടിന്റെ ഇടം കൂടുതൽ ശ്രദ്ധേയമാക്കുന്നതിനുള്ള ഇടപെടലുകളാണ് നടത്തുക. ജില്ലയിൽ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തും. നിലവിലുള്ള കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ടൂറിസം വികസന സാധ്യതകൾ, ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനം എന്നിവയെക്കുറിച്ച് പഠനം നടത്തും. ടൂറിസം പഠനവകുപ്പിലെ വിദ്യാർഥികളായിരിക്കും ഇതിന് നേതൃത്വം നൽകുക. പഠനറിപ്പോർട്ട് ഡി.ടി.പി.സി.ക്ക് കൈമാറും. ജില്ലയിലെ സാംസ്കാരിക കലാവൈവിധ്യങ്ങൾ, പരമ്പരാഗത രുചിഭേദങ്ങൾ, ഉത്പന്നങ്ങൾ എന്നിവ വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്താനുള്ള പഠനവും ശ്രമങ്ങളും നടത്തും. ഡി.ടി.പി.സി. സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ടൂറിസം പഠനവകുപ്പിന്റെ സഹകരണവും ഉണ്ടാവും. ടൂറിസം ക്ലബ്് രൂപവത്കരിക്കുകയും വിനോദയാത്രകൾ സംഘടിപ്പിക്കുകയും ചെയ്യും. കളക്ടറുടെ ചേംബറിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ചെയർമാനായ കളക്ടർ കെ.ഇമ്പശേഖറും ടൂറിസം പഠനവകുപ്പ് മേധാവി ഡോ. ടി.എ.ബിനോയിയും ധാരണാപത്രം കൈമാറി. ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രൊഫ. ടി.ജി.സജി, ടൂറിസം പഠനവകുപ്പിലെ ഡോ. കെ.ഐ.ശിവപ്രസാദ് എന്നിവരും പങ്കെടുത്തു

