KSDLIVENEWS

Real news for everyone

മുകേഷിനെതിരേ പീഡനപരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്; തമിഴ്‌നാട് പോലീസിന് കൈമാറണോ എന്ന് ആലോചന

SHARE THIS ON

കൊച്ചി: നടന്‍ മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പീഡനപരാതി നല്‍കിയ നടിക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് തമിഴ്‌നാട് പോലീസിന് കൈമാറണോയെന്ന് ആലോചന. സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് കേസ് കൈമാറണോ എന്നകാര്യം പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് കേസിലെ തുടര്‍നടപടികളിലേക്ക് കടക്കാമെന്നാണ് റൂറല്‍ പോലീസിന്റെ തീരുമാനം.

16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നത്. തുടര്‍ന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുംചെയ്തു. എന്നാല്‍, കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തുടര്‍നടപടികളില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതോടെ റൂറല്‍പോലീസ് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി. ഇവിടെത്തന്നെ അന്വേഷണം നടത്താമെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചാല്‍ കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്‌നാട് പോലീസാണെന്ന നിര്‍ദേശം ലഭിച്ചാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറും. അതിനിടെ, പരാതിക്കാരിയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2014-ലായിരുന്നു പോക്‌സോ കേസിനാസ്പാദമായ സംഭവം നടന്നത്. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി. നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.


പോക്‌സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!