KSDLIVENEWS

Real news for everyone

വിമാനങ്ങൾക്ക് ബോംബ്‌ ഭീഷണി;ഗുരുതര കുറ്റകൃത്യമാക്കാൻ കേന്ദ്രം, അന്വേഷണം വേഗത്തിലാകും

SHARE THIS ON

ന്യൂഡൽഹി: വ്യാജബോംബ് ഭീഷണികൾ കൂടുന്ന സാഹചര്യത്തിൽ ഇത്‌ ഗുരുതര കുറ്റകൃത്യമാക്കുന്നത്‌ കേന്ദ്രം ആലോചിക്കുന്നു. മറ്റ്‌ മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുക. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാൽ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങൾ വേണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. അതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിയെ കഴിഞ്ഞദിവസം കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ. ഡയറക്ടർ വിക്രം ദേവ് ദത്തിനെ കൽക്കരിമന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. എന്നാൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ദത്ത് തിങ്കളാഴ്ച കൽക്കരി മന്ത്രാലയസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരുന്നു.

ഭേദഗതിയിൽ ആലോചിക്കുന്നത്‌

വിമാനത്തിന്‌ ബോംബ്‌ ഭീഷണി മുഴക്കിയയാളെ പിടികൂടിയാൽ അയാളെ വിമാനയാത്രയിൽനിന്ന്‌ ആജീവനാന്തം വിലക്കും.
കുറ്റവാളികളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതി
വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടി. വിദേശരാജ്യങ്ങളിൽ സമാന ഭീഷണികൾ നേരിടാൻ സ്വീകരിച്ച മാതൃകകളും പരിശോധിക്കും.
ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചുചേർത്തു

ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.) കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചുകൂട്ടി. ബി.സി.എ.എസ്. മേധാവി സുൽഫിക്കർ ഹസനും സി.ഐ.എസ്.എഫ്. മേധാവി രാജ്വിന്ദർ സിങ് ഭട്ടിയും യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് വ്യോമയാന സുരക്ഷ കൈകാര്യംചെയ്യുന്ന രണ്ട് ഏജൻസികളാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!