KSDLIVENEWS

Real news for everyone

12 കോടി ശൗചാലയങ്ങളും16 കോടി ഗ്യാസ് കണക്ഷനും നൽകി, ഇനി വിശ്രമിച്ചുകൂടെയെന്ന് ചോദിക്കുന്നവരുണ്ട്- മോദി

SHARE THIS ON

ന്യൂഡല്‍ഹി: തനിക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നും ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള പരിശ്രമത്തിലാണ് തന്റെ സര്‍ക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവര്‍ഷം ആഗോളതലത്തില്‍ വിവിധ ആശങ്കകളുയര്‍ന്ന സമയമാണെന്നും ആ ആശങ്കകള്‍ക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്‍ഡിടിവി വേൾഡ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി വളര്‍ന്നു, നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി, ഇനിയെന്തിനാണ്‌ കഠിനാധ്വാനം ചെയ്യുന്നതെന്നു ചോദിച്ചവരുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ 12 കോടി ശൗചാലയങ്ങള്‍ പണിതു, 16 കോടി വീടുകളില്‍ പാചകവാതകം എത്തിച്ചു. അതു പോരെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍, അതുപോരാ എന്നാണ് എന്റെ ഉത്തരം. ലോകത്തിലെ തന്നെ ചെറുപ്പമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഈ ചെറുപ്പത്തിന്റെ ഊര്‍ജസ്വലത ആകാശങ്ങള്‍ കീഴടക്കാന്‍ കെല്‍പ്പുള്ളതാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാ സര്‍ക്കാരുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു പതിവുണ്ട്. ഞങ്ങളും ആ വഴിയിലൂടെയാണ് നടന്നിരുന്നത്, എന്നാല്‍ ഇനി മുതല്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും താരതമ്യം ചെയ്ത് സന്തോഷം കണ്ടെത്താനാവില്ല. ഇനി മുതല്‍ വിജയത്തിന്റെ അളവുകോല്‍ ‘നമ്മള്‍ നേടാന്‍ ആഗ്രഹിക്കുന്നതെന്താണോ അതായിരിക്കും. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന കാഴ്ചപ്പാട് ഈ ചിന്താഗതിയുടെ ഭാഗമാണ്.’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!