KSDLIVENEWS

Real news for everyone

ഹേമ കമ്മിറ്റി മൊഴികളിൽ കേസെടുക്കാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി; റോത്തഗി ഹാജരാകും

SHARE THIS ON

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ എ. കാര്‍ത്തിക്ക്‌ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നാളെ ജസ്റ്റിസ്മാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും എന്നാണ് സൂചന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍, അന്വേഷണം നടത്തുന്ന വേളയില്‍ പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആരോപണവിധേയര്‍ക്ക് കേസിന്റെ അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യുന്നത് വരെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡന പരാതി നല്‍കിയിരുന്ന പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊഴി നല്‍കാന്‍ പരാതിക്കാരുടെ മേല്‍ പ്രത്യേക അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരാതിക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!