KSDLIVENEWS

Real news for everyone

അന്ന് ജയശങ്ക‍ര്‍ വെറുതേ പറഞ്ഞതല്ല: താലിബാൻ മന്ത്രിക്ക് നല്‍കിയ വാക്ക് പാലിച്ച്‌ ഇന്ത്യ; അഫ്ഗാനിലെ ഇന്ത്യൻ ടെക്നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി

SHARE THIS ON

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കല്‍ മിഷനെ എംബസിയായി ഉയർത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നീക്കം.

അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുതാഖിയുമായി എസ് ജയശങ്കർ നടത്തിയ ചർച്ചയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. താലിബാൻ മന്ത്രിക്ക് അന്ന് നല്‍കിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം പിടിച്ചപ്പോള്‍ അടച്ച എംബസിയാണ് ഇന്ന് തുറന്നത്. അഫ്ഗാനിസ്ഥാന്‍റെ സമഗ്രവികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

താലിബാൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനം

ഒക്ടോബർ 9 നാണ് താലിബൻ മന്ത്രി ഇന്ത്യ സന്ദർശിച്ചത്. കാബൂളില്‍ പ്രവർത്തിക്കുന്ന ടെക്‌നിക്കല്‍ മിഷനെ, ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ ഈ സന്ദർശനത്തില്‍ ധാരണയായിരുന്നു. താലിബാൻ അധികാരത്തിലുള്ള അഫ്‌ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അഫ്ഗാനിലെ താലിബാൻ നേതാവായ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അഭിപ്രായപ്പെട്ടിരുന്നു.

താലിബാൻ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സന്ദർശനം

2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് കാബൂളില്‍ നിന്ന് ആദ്യത്തെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ഒക്ടോബർ 9 മുതല്‍ 16 വരെയായിരുന്നു മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാന സർവീസുകള്‍ ആരംഭിക്കാനും അ‌ഗാനിസ്ഥാനില്‍ ഖനന പ്രവർത്തനങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ അവസരം നല്‍കാനും ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചർച്ചയില്‍ ധാരണയായിരുന്നു. നേരത്തെ അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യൻ എംബസിയുണ്ടായിരുന്നു. താലിബാന്‍ അധികാരം തിരിച്ചുപിടിച്ച്‌ ഒരു വര്‍ഷത്തിനുശേഷം, 2022-ലാണ് ഇവിടെ ഇന്ത്യ ടെക്‌നിക്കല്‍ മിഷൻ സ്ഥാപിച്ചത്. ഈ ഘട്ടത്തിലൊന്നും ഇവിടെ എംബസി എന്ന നിലയില്‍ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്ബത്തില്‍ ആദ്യം നടുക്കം രേഖപ്പെടുത്തിയതും സഹായമെത്തിച്ചതും ഇന്ത്യയായിരുന്നു. അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായിരുന്നു മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. എംബസി തുറന്നുള്ള ഇന്ത്യയുടെ തീരുമാനം അതിനാല്‍ തന്നെ താലിബാൻ ഭരണകൂടത്തിന് നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!