ഇടവേളക്ക് ശേഷം ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ: നീക്കം ട്രംപിന്റെ ഏഷ്യാപര്യടനം നടക്കാനിരിക്കെ

സോള്‍: ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം. ഏഷ്യ-പസഫിക് സാമ്ബത്തിക സഹകരണ (APEC) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ദക്ഷിണകൊറിയ ഒരുങ്ങുന്നതിനിടെയാണ് ഉത്തരകൊറിയയുടെ നീക്കം.
ബുധനാഴ്ച രാവിലെയാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യം അറിയിക്കുന്നത്. ഇത്തരത്തിലുള്ള മിസൈല്‍ വിക്ഷേപങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള ലോക നേതാക്കള്‍ അപെക് ഉച്ചകോടിക്കായി ദക്ഷിണകൊറിയൻ നഗരമായ ഗ്യോങ്ജുവില്‍ എത്താനിരിക്കെയാണ് നീക്കം. അടുത്തയാഴ്ചയാണ് ഉച്ചകോടി നടക്കാനിരിക്കുന്നത്.
പ്യോങ്യാങ്ങിന് തെക്കുനിന്നുള്ള പ്രദേശത്തുനിന്നാണ് ഉത്തരകൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. മിസൈലുകള്‍ ഏകദേശം 350 കിലോമീറ്റർ (217 മൈല്‍) പറന്ന് കരയില്‍ പതിച്ചിരിക്കാമെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. കടലില്‍ പതിച്ചിരിക്കാമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്.എന്നാലിത് തെറ്റാണെന്നാണ് സൈന്യം പിന്നീട് വ്യക്തമാക്കിയത്.
അഞ്ച് മാസം മുമ്ബാണ് ഉത്തരകൊറിയ അവസാനമായി ഹ്രസ്വദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്. എന്നാല്‍, മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപെക് ഉച്ചകോടിക്ക് മുമ്ബോ നടക്കുന്ന സമയത്തോ ‘പ്രകോപനപരമായ മിസൈല്‍ പരീക്ഷണങ്ങള്‍’ ഇനിയും ഉത്തരകൊറിയ നടത്തിയേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ആണവായുധ രാഷ്ട്രം എന്ന നിലയിലുള്ള നീക്കങ്ങളാണിതെന്നും അതില്‍ ആരും ഇടപെടേണ്ടെന്ന മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കുന്നതെന്നുമാണ് വിലയിരുത്തലുകള്‍. അതേസമയം ഉത്തരകൊറിയ ഇതുവരെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.