KSDLIVENEWS

Real news for everyone

കാസർകോട് നഗരസഭയ്ക്ക്‌ ഐ.എസ്.ഒ. അംഗീകാരം

SHARE THIS ON

കാസർകോട്: ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ (ഐ.എസ്.ഒ.) അംഗീകാരം നേടി കാസർകോട് നഗരസഭ. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഐ.എസ്.ഒ. (9001-2015) സർട്ടിഫിക്കേഷൻ പ്രോജക്ട്‌ വിജയകരമായി പൂർത്തീകരിച്ചാണ് നേട്ടം. നഗരസഭയുടെ ഭൗമവിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന ജ്യോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) മാപ്പിങ് പദ്ധതിയും പൂർത്തിയാക്കി. പൊതുസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ്. റെക്കോഡ്‌ സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കൃത്യമാക്കുക, സേവനഗുണമേന്മ ഉറപ്പുവരുത്തുക, ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ എത്രയും വേഗം ലഭ്യമാക്കുക എന്നതാണ് ജി.ഐ.എസ്. മാപ്പിങ് പദ്ധതിയുടെ ലക്ഷ്യം. വീടുകൾ, കെട്ടിടങ്ങൾ, റോഡ്, നടപ്പാത, ലാൻഡ് മാർക്ക്, പാലം, തെരുവുവിളക്കുകൾ, പൊതുടാപ്പുകൾ, അഴുക്കുചാൽ, കനാൽ, കലുങ്ക്, റോഡ് ജങ്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർക്കിങ് ഏരിയ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വെബ്പോർട്ടലിൽ ഒരുക്കുന്നു. തരിശുനിലങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവയുടെ പൂർണ വിവരങ്ങളും ഇതിലുണ്ടാകും. ഐ.എസ്.ഒ. അംഗീകാരം, ജി.ഐ.എസ്. മാപ്പിങ് പൂർത്തീകരണം എന്നിവയുടെ പ്രഖ്യാപനം 28-ന് വൈകിട്ട് മൂന്നിന് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!