ഐസിസി അറസ്റ്റ് വാറന്റ്: നീതിയിലേക്കുള്ള ചുവടുവെപ്പെന്ന് ഹമാസ്, യഹൂദ വിരുദ്ധമെന്ന് ഇസ്രായേല്‍
ആംസ്റ്റർഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് സ്വാഗതം ചെയ്‌ത് ഹമാസ്.
കോടതി നടപടി നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഹമാസ് പറഞ്ഞു.
‘ഇരകളായവർക്ക് നീതി ലഭിക്കുന്നതിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്. എന്നാല്‍, ലോകമെമ്ബാടുമുള്ള എല്ലാ രാജ്യങ്ങളും ഇതിനെ പിന്തുണക്കുന്നില്ലെങ്കില്‍ കോടതി നടപടി വെറും പ്രതീകാത്മകം മാത്രമായി തീരും’- ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസെം നെയിം പ്രസ്‌താവനയില്‍ പറഞ്ഞു. ജൂലൈയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹമാസിൻ്റെ ഖസ്സാം ബ്രിഗേഡ്‌സ് നേതാവ് മുഹമ്മദ് ദൈഫിനെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും 2023 ഒക്ടോബർ എട്ടിനും 2024 മെയ് 20നും ഇടയില്‍ ഗസ്സയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനും ഗാലന്റിനും എതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നടപടിയെ ഇസ്രായേല്‍ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഐസിസിയുടെ തീരുമാനം അന്യായമാണെന്ന് മുൻ ഇസ്രായേലി നീതിന്യായ മന്ത്രി യോസി ബെയ്‌ലിൻ പറഞ്ഞു.
‘എൻ്റെ പ്രധാനമന്ത്രി ഐസിസിയില്‍ കുറ്റാരോപിതനായത് വളരെ ദുഃഖകരമായ ദിവസമാണ്. ചരിത്രത്തില്‍ ഇത്തരമൊരു നിലയിലെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒക്ടോബർ 7ന് നരകത്തിൻ്റെ കവാടങ്ങള്‍ തുറന്നതും ഇസ്രായേലികളെ കൂട്ടക്കൊല ചെയ്‌തതും ഹമാസാണ്’- യോസി ബെയ്‌ലിൻ പറഞ്ഞു.
ജൂലൈയില്‍ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിൻ്റെ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടിരുന്നു. മരിച്ച ഒരാള്‍ക്ക് മേലെ ഐസിസി കുറ്റം ചുമത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ബെയ്‌ലിൻ കൂട്ടിച്ചേർത്തു. ഇസ്രായേലിനെ കഥയിലെ വില്ലനായി ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈഫിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാല്‍, ഹമാസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോടതിയുടെ വാറന്റ് തള്ളിയ നെതന്യാഹുവിന്റെ ഓഫീസ് നടപടി ‘യഹൂദ വിരുദ്ധമാണെന്നാണ്’ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരുടെ പ്രതിരോധത്തില്‍ സമ്മർദത്തിന് വഴങ്ങില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
നെതന്യാഹുവിനെതിരായ കോടതി നടപടിയെ അമേരിക്കയും ശക്തമായി അപലപിച്ചിട്ടുണ്ട്. അതേസമയം, ആവശ്യമെങ്കില്‍ നെതന്യാഹുവിനെതിരെ ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്മേല്‍ നടപടിയെടുക്കാൻ നെതർലൻഡ്സ് തയ്യാറാണെന്ന് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രി കാസ്‌പർ വെല്‍ഡ്‌കാമ്ബിനെ ഉദ്ധരിച്ച് ഡച്ച് വാർത്താ ഏജൻസിയായ എഎൻപി റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലി നേതാവ് ഡച്ച് മണ്ണില്‍ വന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് വെല്‍ഡ്‌കാമ്ബ് ജനപ്രതിനിധി സഭയില്‍ പറഞ്ഞു. ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നെതന്യാഹു, ഗാലൻ്റ്, ദൈഫ് എന്നിവരുമായുള്ള അനിവാര്യമല്ലാത്ത ബന്ധം നെതർലാൻഡ്‌സ് ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ എതിലേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍, ഇസ്രായേലും പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ഐ.സി.സിയെ അംഗീകരിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യാത്തതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ട്.