കാഫിർ സ്ക്രീൻ ഷോട്ട്: കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണം; കൂടുതൽ സമയം നൽകാതെ കോടതി

വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി ഹാജരാക്കാൻ പൊലീസ് കൂടുതൽ സമയം ചോദിച്ചെങ്കിലും അനുവദിക്കാതെ കോടതി. ഇന്നു തന്നെ വിവരങ്ങൾ ഹാജരാക്കാനാണ് നിർദേശം. ഇതോടെ വൈകിട്ട് വിവരങ്ങൾ ഹാജരാക്കാമെന്ന് പൊലീസ് അറിയിച്ചു. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണ പുരോഗതി, ഫൊറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതി എന്നിവയും കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആവശ്യമെങ്കിൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടേയും മുഹമ്മദ് കാസിമിന്റേയും ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇവയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

