സംസ്ഥാനത്ത് 75 ശതമാനം പേരും വാക്സിനെടുത്തു; ഒറ്റ ഡോസ് എടുത്തത് 98 %

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കേണ്ട, ജനസംഖ്യയിൽ 75 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. 98 ശതമാനം പേർക്ക് ആദ്യഡോസും നൽകി. വാക്സിൻ നൽകാൻ ലക്ഷ്യംെവച്ച 2.66 കോടിയാളുകളിൽ 2,00,32,229 പേരാണ് രണ്ടു ഡോസും എടുത്തത്. ഇത് ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ദേശീയതലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് 58.98 ശതമാനവുമാണ്.
ജനുവരി 16-നാണ് സംസ്ഥാനത്ത് വാക്സിൻ വിതരണം തുടങ്ങിയത്. 338 ദിവസത്തിനിടെ സംസ്ഥാനം വാക്സിൻ വിതരണത്തിൽ ലക്ഷ്യം കൈവരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ചവരെ 4.50 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. ഒരാഴ്ചയ്ക്കിടെ 7.97 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്. ശരാശരി 1.14 ലക്ഷം ഡോസാണ് പ്രതിദിന വിതരണം.
ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. ശരിയായി മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കോവിഡ് ബാധിച്ചവർ മൂന്നുമാസം കഴിഞ്ഞുമാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ താമസം വരുത്തരുത്.
-വീണാ ജോർജ്, ആരോഗ്യമന്ത്രി
പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
മലപ്പുറം ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു.
85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് വാക്സിനേഷനിൽ മുന്നിൽ. 83 ശതമാനം പേർക്ക് വാക്സിൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ടുപിന്നിൽ.
ആരോഗ്യപ്രവർത്തരും കോവിഡ് മുന്നണിപ്പോരാളികളും 100 ശതമാനവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 91 ശതമാനം പേരും മുന്നണിപ്പോരാളികളിൽ 93 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചു.
45-നുമേൽ പ്രായമായവരിൽ 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു.
രണ്ടു ഡോസും സ്വീകരിച്ചവർ 82 ശതമാനമാണ്.
18-നും 44-നുമിടയിൽ പ്രായമുള്ളവരിൽ 90 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. 60 ശതമാനം പേർക്ക് രണ്ടുഡോസും നൽകി.

