വിജയരാഘവന്‍ വര്‍ഗീയ രാഘവന്‍,ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നത് പറയുന്നു’-കെഎം ഷാജി
കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു.
‘വിജയരാഘവന്റെ വാക്കുകള്‍ തെമ്മാടിത്തരമാണ്. ലീഗിനെ എങ്ങനെ നന്നാക്കാം എന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും. വര്‍ഗീയത ഉണ്ടാക്കിയാല്‍ നാളെ പത്ത് വോട്ട് കിട്ടും. അതിനപ്പുറം ഈ രാജ്യം നിലനില്‍ക്കണ്ടേയെന്നും നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും കെ.എം ഷാജി പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.
ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്. എ വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. കാക്കി ട്രൗസര്‍ അണിഞ്ഞ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് പി മോഹനന് നല്ലതെന്നും കെ.എം ഷാജി പറഞ്ഞു.
വര്‍ഗീയത പറയുന്നതിന് രാഷ്ട്രീയ ജീവതത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി തരാനാണ് ഒരുങ്ങി നില്‍ക്കുന്നതെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു. സിപിഎം ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങി നടക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പോകുന്നത് ആര്‍എസ്എസിലേക്കാണ്. വയനാട്ടില്‍ 179-ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് വന്നത് ആര്‍എസ്എസ് അല്ലേ എന്നും കെ.എം ഷാജി ചോദിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വര്‍ഗീയ വോട്ടുകള്‍ നേടിയാണെന്ന വിജയരാഘവന്റെ വാക്കുകള്‍ക്കാണ് ഷാജി മറുപടി നല്‍കിയത്.