KSDLIVENEWS

Real news for everyone

അജിത് കുമാറിന് മുന്നിൽ സർക്കാർ കീഴടങ്ങി; ആഭ്യന്തര വകുപ്പിനെതിരേ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശം

SHARE THIS ON

തിരുവനന്തപുരം: എം.ആർ. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉൾപ്പെടെ വിമർശിച്ച് ആഭ്യന്തരവകുപ്പിനുനേരേ ആഞ്ഞടിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികൾ. ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ സർക്കാർ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ വിമർശനം.

‘‘എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്താൻ പാടില്ലായിരുന്നു. നിയമപ്രകാരം അവകാശമുണ്ടെങ്കിൽ അത് കോടതിയിൽപോയി വാങ്ങിവരട്ടേ എന്ന നിലപാടെടുക്കണമായിരുന്നു’’ -പ്രതിനിധികൾ പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിൽ സി.പി.എം. നേതാക്കളെക്കാൾ സ്വീകരണം ലഭിക്കുന്നത്‌ ബി.ജെ.പി.-കോൺഗ്രസ് നേതാക്കൾക്കാണ്. പോലീസിന്റെ പ്രവർത്തനത്തിൽ സമ്പൂർണമായ മാറ്റമുണ്ടായില്ലെങ്കിൽ രാഷ്ട്രീയശത്രുക്കൾക്ക് ഗുണമായിമാറും. ബി.ജെ.പി.യിലേക്ക് ചേക്കേറിയ മംഗലപുരം ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ പോലുള്ളവരെ ജനങ്ങൾ തിരിച്ചറിഞ്ഞു. പാർട്ടിനേതാക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പരിഹസിച്ചു.

ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിമർശനം

ധനവകുപ്പ് സമ്പൂർണപരാജയമാണ്. കേന്ദ്രം സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. രണ്ടാം പിണറായിസർക്കാരിൽ കിഫ്ബി പോലുള്ള പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ല.

ആരോഗ്യവകുപ്പിൽ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാർട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്ന് അഭിപ്രായമുയർന്നു. വൈദ്യുതി, കുടിവെള്ള നിരക്കുകൾ കൂട്ടിയതിലും കെട്ടിടനികുതി വർധിപ്പിച്ചതിലുമെല്ലാം വിമർശനമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!