30 വയസ്സ് കഴിഞ്ഞാൽ വയർ ചാടുന്നത് എന്തുകൊണ്ട്? വിദഗ്ധർ പറയുന്നതിങ്ങനെ

മുപ്പത് വയസ്സ് പിന്നിടുന്നതോടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ പോലും പലരിലും അടിവയറ്റിലെ കൊഴുപ്പ് വർദ്ധിക്കുന്നത് സാധാരണമാണ്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ പങ്കുവെക്കുന്നതാണ് പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്.
പ്രായമാകുന്തോറും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) മന്ദഗതിയിലാകുന്നതും കൊഴുപ്പ് ശേഖരിക്കുന്ന രീതി മാറുന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പണ്ട് ചെയ്ത അതേ വ്യായാമങ്ങളോ ഭക്ഷണക്രമമോ മുപ്പതുകൾക്ക് ശേഷം പഴയത് പോലെ ഫലം നൽകിയെന്ന് വരില്ലെന്നും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ പോലും ശരീരത്തെ വേഗത്തിൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുപ്പതുകൾക്ക് ശേഷം ഓരോ പത്ത് വർഷത്തിലും പേശിബലത്തിൽ മൂന്ന് മുതൽ എട്ട് ശതമാനം വരെ സ്വാഭാവികമായ കുറവുണ്ടാകുന്നു. ശരീരം ഉപയോഗിക്കുന്ന ഗ്ലൂക്കോസിന്റെ 70 മുതൽ 80 ശതമാനം വരെ വിനിയോഗിക്കുന്നത് പേശികളായതിനാൽ, പേശിബലം കുറയുന്നത് വഴി പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടുകയും അത് അടിവയറ്റിൽ കൊഴുപ്പായി മാറുകയും ചെയ്യുന്നു. ഇതിനോടൊപ്പം ശരീരത്തിന്റെ ഇൻസുലിൻ സെൻസിറ്റിവിറ്റിയിൽ ഉണ്ടാകുന്ന കുറവും ഒരു കാരണമാണ്. ആ കുറവ് കാർബോഹൈഡ്രേറ്റുകൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനും അരക്കെട്ടിന് ചുറ്റും വേഗത്തിൽ കൊഴുപ്പ് അടിയുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് കുറയുന്നതും സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ വർദ്ധിക്കുന്നതും ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് (Visceral fat) വർദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങൾ ഇവ
ശരീരഭാരം കൂടാതെ തന്നെ വയറിന്റെ വലിപ്പം വർദ്ധിക്കുക, ഉച്ചസമയങ്ങളിൽ അനുഭവപ്പെടുന്ന അമിത ക്ഷീണം, മധുരത്തോടുള്ള ആസക്തി, കാർബോഹൈഡ്രേറ്റുകൾ കഴിച്ചാലുടൻ ഉണ്ടാകുന്ന വയറു വീർക്കൽ എന്നിവ മെറ്റബോളിസം കുറയുന്നതിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഇവ നേരിടാൻ ഓരോ കിലോ ശരീരഭാരത്തിനും 1.2 മുതൽ 1.6 ഗ്രാം വരെ പ്രോട്ടീൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിക്കുന്നു. പേശികൾ നിലനിർത്താനായി ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിംങ് ചെയ്യുക, ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ ദിവസവും നടക്കുക, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക എന്നിവയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

