KSDLIVENEWS

Real news for everyone

പഴയ രീതിയൊക്കെ മാറി: ഇപ്പോൾ കാണുന്ന യു.ഡി.എഫ് ആയിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിൽ; വി.ഡി. സതീശൻ

SHARE THIS ON

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തും. ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

“നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള മുഴുവൻ കാര്യങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിച്ചു. ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മിഷൻ 63 അല്ല, ചോർത്തിക്കൊടുത്തവർ തെറ്റിച്ച് പറഞ്ഞതാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളെ ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചു. പഴയ രീതിയൊക്കെ മാറി.

യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കും. ഇപ്പോൾ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിലെ യുഡിഎഫ്. രാഷ്ട്രീയ പാർട്ടികൾ വന്നേക്കാം. അതിനൊപ്പം പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറുകയാണ്. അതിൽ ഒപ്പീനിയൻ മേക്കേഴ്‌സ് ഉണ്ടാകും ഇൻഫ്‌ളുവൻസേഴ്‌സ് ഉണ്ടാകും. ഇടതുപക്ഷ സഹയാത്രികരായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവരും ഉണ്ടാകും. സിപിഎം ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് ഇവർ ഞങ്ങളേക്കാൾ മുൻപേ തിരിച്ചറിഞ്ഞിട്ടുണ്ട്. എൽഡിഎഫിനേക്കാൾ നന്നായി അവർ സ്വപ്‌നം കണ്ട പദ്ധതികൾ നടപ്പാക്കാനുള്ള മുന്നണി യുഡിഎഫാണെന്ന ആത്മവിശ്വാസം അവർക്കുണ്ട്. അവരുമായി മാസങ്ങളായി ആശയവിനിമയം നടക്കുന്നുണ്ട്. മാനിഫെസ്റ്റോ തയാറാക്കിയതിലും പദ്ധതികൾ പ്രഖ്യാപിച്ചതിലും അവരുടെ കൂടി പങ്കാളിത്തമുണ്ട്.

മൂന്നാം പിണറായി സർക്കാർ ഉറപ്പായും വരില്ല. യുഡിഎഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ ജനവികാരം പൂർണമായും പ്രതിഫലിച്ചിട്ടില്ല. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും. അത് കൂടിയാകുമ്പോൾ യുഡിഎഫിന്റെ സീറ്റ് നൂറിലേക്ക് അടുക്കും. ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുതയും അക്രമമവും ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും വീണ്ടും തിരിച്ചടിയാകും. തോറ്റെന്ന് ഇതുവരെ അവർ മനസിലാക്കിയിട്ടില്ല. തോറ്റിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ഒരു തിരുത്തലും വരുത്തില്ലെന്നാണ് പറയുന്നത്. തിരുത്തൽ വരുത്താതെ ഇങ്ങനെ തന്നെ പോകണമെന്നാണ് ഞങ്ങളും പറയുന്നത്.

പരസ്യമായാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ന്യൂനപക്ഷ പ്രീണനം വിട്ട് ഭൂരിപക്ഷ പ്രീണനം തുടങ്ങിയത്. ഞങ്ങൾക്ക് ഇത് രണ്ടുമില്ല. ആര് വിഭാഗീയതയും വിദ്വേഷവും പകർത്താൻ ശ്രമിച്ചാലും യു.ഡി.എഫ് അതിനെ ചെറുക്കും. തീപ്പൊരി ആളിപ്പടർത്താതിരിക്കാനുള്ള ശ്രമമാണ് മുനമ്പത്തും പള്ളുരുത്തിയിലും യുഡിഎഫ് ചെയ്തത്. എന്നാൽ മുനമ്പത്തും പള്ളുരുത്തിയിലും വിദ്വേഷം ആളിക്കത്തിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ തീ ഊതിക്കൊടുക്കുകയായിരുന്നു സിപിഎം”- വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!