തലശ്ശേരി- മാഹി ബൈപാസ് അന്തിമഘട്ടത്തില്‍: മാഹി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് തീര്‍ന്നാല്‍ അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് തീരും

മാഹി: അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ച് മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തില്‍. മാഹി അഴിയൂർ റെയില്‍വേ ഓവർബ്രിഡ്ജ് നിർമ്മാണം പൂർത്തിയായാല്‍ പാത ഗതാഗതയോഗ്യമാകും. ബൈപാസിന്റെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി നിർമ്മാണകമ്ബനി പ്രതിനിധികള്‍ അറിയിച്ചു.പാലത്തിന് മുകളില്‍ സ്ലാബുകളുടെ കോണ്‍ക്രീറ്റാണ് ഇപ്പോള്‍ നടക്കുന്നത്. കൂട്ടി യോജിപ്പിക്കല്‍ കഴിഞ്ഞ് ടാറിംഗും പെയിന്റിംഗ് പ്രവൃത്തിയും പൂർത്തിയാക്കി അടുത്തമാസം പത്തിനുള്ളില്‍ റെയില്‍വെ ഓവർബ്രിഡ്ജ് പൂർത്തിയാവും
പൂർത്തിയായ ഭാഗങ്ങളില്‍ ഇതിനകം സൈൻ ബോർഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കൊളശ്ശേരിക്കും, ബാലത്തിനും ഇടയില്‍ ടോള്‍ പ്ലാസയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.എണ്‍പത് ലൈറ്റുകള്‍ ഇരു ഭാഗത്തുമായി പ്രകാശിപ്പിച്ചു.അണ്ടർപാസേജുകളിലും ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാത ഉടനീളം ലൈറ്റുകള്‍ സ്ഥാപിക്കുന്നത് അവസാനമായിരിക്കുമെന്നാണ് സൂചന.ഇ കെ.കെ കമ്ബനിയുടെ കരാറില്‍ വൈദ്യുതീകരണമില്ല
സർവ്വീസ് റോഡുകള്‍, അടിപ്പാതകള്‍, പെയിന്റിംഗ് ,മിഡിയൻ നിർമ്മാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പൂർത്തിയാക്കികഴിഞ്ഞു.ഈസ്റ്റ് പള്ളൂരില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത് കെല്‍ട്രോണാണ്.
മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്. എസ്. സ്കൂള്‍ വരെ യാണ് പാത.
കോടതി കയറി വൈകിയ പാത
ഭൂമി ഏറ്റെടുക്കല്‍ കോടതി കയറി ഇറങ്ങിയതാണ് അരനൂറ്റാണ്ടു മുമ്ബ് ആസൂത്രണം ചെയ്ത പാത യാഥാർത്ഥ്യമാകാൻ വൈകിയത്. ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ മാഹി, തലശ്ശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനുട്ട് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം. തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ പെടാതെ ആറു വരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ബൈപാസിന്റെ ചിലവ് . എറണാകുളം പെരുമ്ബാവൂരിലെ ഇ.കെ.കെ.കമ്ബനിക്കാണ് ഇതിന്റെ നിർമ്മാണച്ചുമതല 2021ല്‍ പാത പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പ്രളയം, കൊവിഡ് എന്നിവ രണ്ട് വർഷം കൂടി വൈകിപ്പിച്ചു. 2018 ഒക്ടോബറിലാണ് നിർമ്മാണം ആരംഭിച്ചത്.
പ്രവൃത്തി വിലയിരുത്തി സ്പീക്കർ
നിയമ സഭാ സ്പീക്കർ എ.എൻ.ഷംസീർ, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച മുഴപ്പിലങ്ങാട് മുതല്‍ മാഹി റെയില്‍വേ ഓവർബ്രിഡ്ജ് വരെ പുതിയ പാതയില്‍ സഞ്ചരിച്ച് പ്രവൃത്തി വിലയിരുത്തി.പല ഭാഗങ്ങളിലായി സ്ഥാപിച്ച ബാരിക്കേഡുകള്‍ താല്‍ക്കാലികമായി നീക്കിയാണ് സ്പീക്കറും സംഘവും വാഹനത്തില്‍ കയറി പാതയിലൂടെ സഞ്ചരിച്ചത്. തിരുവനന്തപുരം മുക്കാല ബൈപാസും തലശ്ശേരി മാഹി ബൈപാസും ഒരെ ദിവസം ഉദ്ഘാടനം ചെയ്യപ്പെടാനാണ് സാദ്ധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇരു ബൈപാസുകളുടെയും ഉദ്ഘാടകനെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
മാഹി-തലശ്ശേരി ബൈപാസ്
1977 സ്ഥലമേറ്റെടുക്കല്‍
2018 പ്രവൃത്തി തുടങ്ങി
18.8 കി.മി ദൂരം
1300 കോടി ചിലവ് (ഭൂമി ഏറ്റെടുക്കല്‍ അടക്കം)
6 വരിപാത

