KSDLIVENEWS

Real news for everyone

ഇന്ധനത്തിനായി നെട്ടോട്ടമോടി ജില്ലയിലെ സി.എൻ.ജി. ഓട്ടോ ഉടമകൾ

SHARE THIS ON

കാസർകോട്: ഇന്ധനത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ജില്ലയിലെ സി.എൻ.ജി. (സമ്മർദിത പ്രകൃതി വാതകം) ഓട്ടോ ഉടമകൾ. ഇന്ധനക്ഷാമം തുടങ്ങിയിട്ട് ഒരു മാസമായി. ഇന്ന് ശരിയാവും നാളെ ശരിയാവുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും ക്ഷാമം ഗുരുതരമാവുന്നതല്ലാതെ കുറയുന്നില്ലെന്നാണ് ഓട്ടോത്തൊഴിലാളികളുടെ പരാതി.


അന്തരീക്ഷ മലിനീകരണമില്ലാതെ ഓടുന്ന വാഹനമെന്ന ഖ്യാതിയോടെയാണ് സി.എൻ.ജി. വാഹനങ്ങൾ വിപണിയിലെത്തിയത്. പെട്രോൾ-ഡീസൽ വിലയുടെ തുടർച്ചയായുള്ള വർധനയും ഇത്തരം വണ്ടികളെ ഓട്ടോതൊഴിലാളികൾക്കിടയിൽ പ്രിയം കൂട്ടി. രണ്ടുവർഷം മുൻപ് വരെ ജില്ലയിൽ ഒരു പമ്പ് പോലുമില്ലാതിരുന്നത് സി.എൻ.ജി. ഓട്ടോക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ചെറുവത്തൂർ, പെരിയ, ചൗക്കി എന്നിവിടങ്ങളിൽ പമ്പുണ്ടെങ്കിലും ആവശ്യത്തിന് ഇന്ധനം കിട്ടുന്നില്ലെന്നാണ് പരാതി.

ഇന്ധനം നിറയ്ക്കാനായി കണ്ണൂരിലേക്ക്


കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന്, കൂടാളി എന്നിവിടങ്ങളിലെത്തി ഇന്ധനം നിറയ്ക്കുന്നവരുമുണ്ട്. വടക്ക് തലപ്പാടി മുതൽ ഉദുമ വരെയുള്ളവരാണ് ജില്ലയിലെ പമ്പുകളിൽനിന്നും ഇന്ധനം നിറയ്ക്കുന്നത്.കാഞ്ഞങ്ങാട് മുതൽ തെക്കോട്ടുള്ളവർ കൂടുതലായും കണ്ണൂർ ജില്ലകളിലെ പമ്പുകളെയാണ് ആശ്രയിക്കുന്നത്.

കൂടാളിയിലെ ഡിപ്പോയിൽനിന്നാണ് ജില്ലയിലെ മൂന്ന് പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്നത്.


ഓരോ ദിവസവും ശരാശരി നാല് ലോഡ് ഇന്ധനമാണ് ജില്ലയിലെ ഓരോ പമ്പുകളിലേക്കും അയച്ചിരുന്നത്. എന്നാൽ, അതിപ്പോൾ ഒന്നോ രണ്ടോ ലോഡുകൾ മാത്രമായി ചുരുങ്ങിയതോടെയാണ് ക്ഷാമത്തിന്‌ കാരണം. 400 കിലോയാണ് ഒരു ലോഡ്. 9.5 കിലോഗ്രാമാണ് ഓട്ടോയിൽ പരമാവധി നിറയ്ക്കാൻ സാധിക്കുന്നത്.

രണ്ടായിരത്തോളം വാഹനങ്ങളാണ് ഓരോ ദിവസവും ജില്ലയിലെ പമ്പുകളിലേക്ക് എത്തുന്നത്. ഈ ഇന്ധനമുപയോഗിച്ച് രണ്ടുദിവസത്തേക്ക് വരെ വണ്ടിയോടിക്കാമെന്നാണ് ഡ്രൈവർമാർ പറയുന്നത്.

ഓട്ടോ മാത്രമല്ല, ലോറികളും

സി.എൻ.ജി. ഉപയോഗിച്ച് രണ്ട് വർഷം മുൻപ് വരെ ഓട്ടോകൾ മാത്രമായിരുന്നു നിരത്തിലോടിയിരുന്നതെങ്കിൽ ഇപ്പോൾ ലോറികളുമിറങ്ങുന്നുണ്ട്. ഓരോ മാസവും ശരാശരി എട്ടു മുതൽ പത്തുവരെ പുതിയ സി.എൻ.ജി. വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നുണ്ട്. ഇതോടെ വരുംകാലത്തും സി.എൻ.ജി. ഇന്ധനത്തിനുള്ള ഡിമാൻഡ് വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതുകൂടി കണക്കിലെടുത്ത് അതിനുവേണ്ട രീതിയിൽ ഇന്ധനം ജില്ലയിലേക്ക് എത്തിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!