KSDLIVENEWS

Real news for everyone

ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം: രാഹുലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി

SHARE THIS ON

ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പോലീസിനോട് നിര്‍ദേശിച്ചു. അതേസമയം തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്.


ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പോലീസ് ഏര്‍പ്പെടുത്തിയത്. ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്.


‘ഇത് അസമിന്റെ സംസ്‌കാരമല്ല. ഞങ്ങളുടേത് സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ്. ഇത്തരം ‘നക്‌സല്‍ തന്ത്രങ്ങള്‍’ ഞങ്ങളുടെ സംസ്‌കാരത്തിന് അപരിചിതമാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു.’ -അസം മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.



നേരത്തേ മേഘാലയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (യു.എസ്.ടി.എം) വിദ്യാര്‍ഥികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യോത്തര പരിപാടിക്കും അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അനുമതി നിഷേധിച്ചത് എന്ന് യു.എസ്.ടി.എം. അസം പി.സി.സിയെ കത്തിലൂടെ അറിയിച്ചു. അസം-മേഘാലയ അതിര്‍ത്തിയിലാണ് സ്വകാര്യ സര്‍വ്വകലാശാലയായ യു.എസ്.ടി.എം. സ്ഥിതി ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!