KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വികസന രേഖ സ്വീകരിക്കും, പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

SHARE THIS ON

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം നഗരസഭാ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക് ലഭിച്ച പശ്ചാത്തലത്തിൽ എത്തുന്ന പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ബിജെപി പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ.

നഗരസഭാ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ട് മേയർ വി.വി. രാജേഷ് അധികാരമേറ്റ 27-ാം ദിനമാണ് നരേന്ദ്ര മോദി എത്തുന്നത്. ചരിത്രത്തിലാദ്യമായി ബിജെപിയുടെ ഒരു മേയർ പ്രധാനമന്ത്രിയെ സ്വീകരിക്കും എന്ന സവിശേഷതയും ഈ സന്ദർശനത്തിനുണ്ട്.

മേയർ വി.വി. രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായുള്ള ഒരു സമഗ്ര രേഖ പ്രധാനമന്ത്രിക്ക് കൈമാറും. തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലെ വിജയകരമായ മാതൃകകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ ഫലപ്രദമാക്കി മാറ്റിക്കൊണ്ട് നഗര വികസനം സാധ്യമാക്കാനാണ് ബിജെപി ഭരണസമിതി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ഈ സന്ദർശനത്തിൽ നിർവ്വഹിക്കും. തിരുവനന്തപുരം – താമ്പരം അമൃത് ഭാരത്, തിരുവനന്തപുരം – ഹൈദരാബാദ് അമൃത് ഭാരത്, നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത്, ഇവയ്ക്ക് പുറമെ ഗുരുവായൂർ – തൃശ്ശൂർ പാസഞ്ചർ ട്രെയിനിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും.

പുത്തരിക്കണ്ടം മൈതാനത്താണ് ബിജെപിയുടെ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഓവർ ബ്രിഡ്ജിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കേരളത്തിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്ന രാഷ്ട്രീയ സന്ദേശം നൽകാൻ കൂടിയാണ് പാർട്ടി പരിപാടികൾക്കൊപ്പം റെയിൽവേയുടെ ഔദ്യോഗിക പരിപാടികളും ഈ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!