1740 പേര്‍ക്ക് യാത്ര ചെയ്യാം; സിസിടിവി ക്യാമറകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, കുഷ്യന്‍ സീറ്റുകള്‍; അമൃത് ഭാരത് 27ന് ഓടിത്തുടങ്ങും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത, തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകള്‍ 27 മുതലും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 26 മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍.
താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ 28ന് വൈകിട്ട് 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45ന് താംബരത്ത് എത്തും.
തിരുവനന്തപുരം നോര്‍ത്ത് – ചെര്‍ലാപ്പള്ളി ട്രെയിന്‍ 27ന് രാവിലെ 7.15ന് ചെര്‍ലാപ്പള്ളിയില്‍നിന്നു പുറപ്പെട്ട് 28ന് ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 28ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 5.30നാണ് ട്രെയിന്‍ പുറപ്പെടുക. 29ന് രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും.
നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുള്ള ട്രെയിന്‍ 27ന് രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്ക് മംഗളൂരുവില്‍ എത്തും. 1.10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. വര്‍ക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. 28ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.25ന് തിരുവനന്തപുരത്തും 10.05ന് നാഗര്‍കോവിലിലും എത്തും. 24 മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും. തൃശൂര്‍ – ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍ 26ന് വൈകിട്ട് 6.10ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6.50 ന് തൃശൂരില്‍ എത്തും. തൃശൂരില്‍നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരില്‍ എത്തും.
11 ജനറല്‍ കോച്ചുകളും 8 സ്ലീപ്പര്‍ കോച്ചുകളും വീതമാണ് അമൃത് ഭാരത് സര്‍വീസുകള്‍ക്കുള്ളത്. 1740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. മികച്ച ഇന്റീരിയര്‍, ജനറല്‍ കോച്ചുകളിലും കുഷ്യന്‍ സീറ്റുകള്‍, സിസിടിവി ക്യാമറകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകള്‍ക്കും. ജനറല്‍ കോച്ചില്‍ 50 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു 36 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്. ആര്‍എസി (റിസര്‍വേഷന്‍ എഗെയ്‍ൻസ്റ്റ് ക്യാന്‍സലേഷന്‍) ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല.

