2027ഓടെ ഖത്തറിന്‍റെ എല്‍.എന്‍.ജി ഉല്‍പാദനം 126 ദശലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കും: ഖത്തര്‍ അമീര്‍

2027ഓടെ ഖത്തറിന്‍റെ ദ്രവീകൃത പ്രകൃതി വാതക ഉല്‍പാദനം 126 ദശലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.
ദോഹ വേദിയാവുന്ന പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനം. ലോകത്തിന്‍റെ ഊര്‍ജ ആവശ്യത്തില്‍ രാജ്യാന്തര സഹകരണത്തിന്‍റെ പ്രാധാന്യം ഊന്നികൊണ്ടായിരുന്നു അമീറിന്‍റെ പ്രസംഗം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന ഇന്ധന ഉപയോഗത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ തടയാനും സാമ്ബത്തിക വളര്‍ച്ച കൈവരിക്കാനുമുള്ള അവസരമായി കോവിഡിന് ശേഷമുള്ള ലോകക്രമത്തെ മാറ്റണം. ദ്രവീകൃത പ്രകൃതി വാതകം ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
രാജ്യാന്തര തലത്തിലെ വാതക വിതരണം കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കാന്‍ ജി.ഇ.സി.എഫ് അംഗരാജ്യങ്ങളും, കയറ്റുമതി-ഇറക്കുമതി രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ധിച്ച പ്രകൃതി വാതക ആവശ്യത്തിന് പരിഹാരമെന്ന നിലയില്‍ ഖത്തറിന്‍റെ പ്രതിവര്‍ഷ ഉല്‍പാദന ശേഷി, 77 ദശലക്ഷം ടണ്ണില്‍ നിന്നും 2027ഓടെ 126 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തുമെന്നും അമീര്‍ വ്യക്തമാക്കി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന്‍റെയും അന്തരീക്ഷ മലിനീകരണം തടയുന്നതിനുമായുള്ള ഖത്തറിന്‍റെ നടപടി ക്രമങ്ങളും അമീര്‍ വിശദീകരിച്ചു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കുന്ന ‘കാര്‍ബണ്‍ കാപ്ചര്‍’ സാങ്കേതിക വിദ്യ പ്രകാരം നാലു വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും സംഭരിക്കാന്‍ കഴിയും. 2030 ആവുമ്ബോഴേക്കും പ്രതിവര്‍ഷ സംഭരണം 90 ലക്ഷം ടണ്‍ ആയും ഉയരുമെന്ന് അദ്ദേഹം വിശീദീകരിച്ചു. ഖത്തര്‍,ഇറാന്‍, റഷ്യ തുടങ്ങി 11 അംഗ രാജ്യങ്ങളും ഏഴ് നിരീക്ഷക രാജ്യങ്ങളുമാണ് ദോഹയില്‍ നടന്ന ആറാമത് ജി.ഇ.സി.എഫ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ലോകത്തെ ആകെ പ്രകൃതി വാതക ഉല്‍പാദനത്തിന്‍റെ 77ശതമാനവും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.

