KSDLIVENEWS

Real news for everyone

മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; പശുരക്ഷാ ഗുണ്ടാ തലവന്‍ മോനു മനേസറിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി രാജസ്ഥാന്‍ പൊലീസ്

SHARE THIS ON

ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച്‌ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതിയെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ പൊലീസ്. ബജ്‌റംഗള്‍ നേതാവ് മോനു മനേസറിന്റെ ചിത്രം പ്രതികളുടെ പുറത്ത് വിട്ട ചിത്രങ്ങളിലില്ല. കൊലപാതകത്തില്‍ മോനുവിന് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, മോനുവിനെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് ഹരിയാനയില്‍ വന്നാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് ബജ്റംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതാവാം രാജസ്ഥാന്‍ പിന്‍മാറാന്‍ കാരണം എന്ന് കരുതുന്നു. ഭരത്പൂരില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എട്ട് പേരുടെ ഫോട്ടോകള്‍ സഹിതം പൊലീസ് പുറത്തുവിട്ടത്. ഇവരില്‍ രണ്ടുപേര്‍ നുഹില്‍ നിന്നുള്ളവരും ആറുപേര്‍ ഹരിയാനയിലെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പൊലീസ് റിമാന്‍ഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീകാന്ത്, കാലു, കിഷോര്‍, ഭിവാനി, ശശികാന്ത്, വികാസ്, പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാന്‍ പൊലീസ് എ.ഡി.ജി.പി ക്രൈം ദിനേശ് എം.എന്‍ പറഞ്ഞു. കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാള്‍ മാത്രമാണ്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാന്‍ സ്വദേശികളായ ജുനൈദ്, നസീര്‍ എന്നിവരെ ഹരിയാനയിലെ ഭീവാനിയില്‍ വെച്ച്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊന്നത്. കേസിലെ ഒമ്ബത് പ്രതികളില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാസിര്‍ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയില്‍ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തിയത്. ബജ്റംഗദള്‍ പ്രവര്‍ത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മര്‍ദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാല്‍ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതിനുശേഷമാണ് അവര്‍ മരിച്ചതെന്നും തുടര്‍ന്ന് പെട്രോളൊഴിച്ച്‌ കത്തിച്ചെന്നുമാണ് റിങ്കു മൊഴി നല്‍കിയത്. ഹരിയാനയിലെ പശു രക്ഷാ ഗുണ്ടാ തലവന്‍ കൂടിയാണ് ബജ്റംഗ്ദള്‍ നേതാവ് മോനു മനേസര്‍. പശുവിന്റെ പേരില്‍ യാത്ര ചെയ്യുന്നവരെ ജീപ്പില്‍ തോക്കുകളുമായി പിന്തുടര്‍ന്ന് വാഹനങ്ങള്‍ വെടിവെച്ച്‌ നിര്‍ത്തി യാത്രക്കാരെ മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രീതി. ഇത് ചിത്രീകരിച്ച്‌ തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കാനും മനേസറിന് മടിയില്ല. ഹരിയാന പൊലീസിന്റെ പിന്തുണയും ആക്രമണങ്ങള്‍ക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!