KSDLIVENEWS

Real news for everyone

ഞങ്ങള്‍ക്ക് പ്രത്യേക അജണ്ടകളില്ല, പക്ഷപാതരഹിതമായ പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറില്ല- ബി.ബി.സി

SHARE THIS ON

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയിലിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ടിം ഡേവി ഇക്കാര്യം വ്യക്തമാക്കിയത്. ‘ബി.ബി.സിക്ക് ഒരു അജണ്ടയുമില്ല, ലക്ഷ്യമാണ് നമ്മളെ നയിക്കുന്നത്- ഇക്കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, ടിം ഡേവിയുടെ പ്രസ്താവനയില്‍ പറയുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താല്‍പര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നും അക്കാര്യത്തില്‍ ബി.ബി.സിയുടെ ജീവനക്കാരെ അഭിനന്ദിക്കുകയാണെന്നും ടിം ഡേവി പറയുന്നു. വളരെ മികച്ച ഉള്ളടക്കങ്ങള്‍ നല്‍കി, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിലൂടെ വസ്തുതകളെ പിന്തുടരുക എന്നതാണ് ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം, അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബി.ബി.സി. ഓഫീസുകളില്‍ റെയ്ഡ് നടന്നത്. ഫെബ്രുവരി 14-ന് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!