കമൽ ഹാസന്റെ കാരവൻ തടഞ്ഞ് മിന്നൽ പരിശോധന ; സംഭവം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനിടെ

ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞുനിര്‍ത്തി പരിശോധന. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. എന്നാല്‍, പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരുച്ചിറപ്പള്ളയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനിടെ രാത്രി ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. തഞ്ചാവൂര്‍ ജില്ല അതിര്‍ത്തിയില്‍ വച്ച് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നല്‍ പരിശോധന.
തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. കമല്‍ ഹാസനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാല്‍, പരിശോധനയില്‍ അനധികൃതമായി ഒന്നും വാഹനത്തില്‍ നിന്ന് കണ്ടെത്തിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് കമല്‍ ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തു വരികയും ചെയ്തിരുന്നു. ബി ജെ പിയുടെ ഭീഷണി രാഷ്ട്രീയമാണ് റെയ്ഡ് എന്നും ഭയക്കുന്നില്ലെന്നും ആയിരുന്നു കമല്‍ അന്ന് പറഞ്ഞത്. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതി മയ്യം ശ്രമിക്കുന്നതെന്നും തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ മുന്നോട്ടു പോകുന്നതിനിടയില്‍ മക്കള്‍ നീതി മയ്യം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. മക്കള്‍ നീതിമയ്യം ട്രഷറര്‍ അനിത ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്ജ് വേ കോളനി എന്നിവിടങ്ങളിലെ ‘അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്ബനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.
കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞയിടെ ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ രംഗത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ ഭരണത്തില്‍ വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഇങ്ങനെ പറഞ്ഞത് . ‘എനിക്ക് ആഗ്രഹമുണ്ട് മൂപ്പര് വിജയിക്കണമെന്ന്. നല്ലൊരു ഗവേണന്‍സാണ് (ഭരണമാണ്) അദ്ദേഹത്തിന്റേത്. അത് തുടരട്ടെ എന്നാണ്’ – മക്കള്‍ നീതി മയ്യം നേതാവ് പറഞ്ഞത് ഇങ്ങനെ.
അതേസമയം, തെരഞ്ഞെടുപ്പില്‍ സഖ്യം ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഒപ്പമായിരിക്കില്ലെന്നും ഒരു മൂന്നാം മുന്നണി ആയിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന സ്വപ്നത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണോ എന്ന ചോദ്യത്തിന് അത് ഒരു സ്വപ്നമല്ലെന്നും പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.