KSDLIVENEWS

Real news for everyone

കെഎസ്ആർടിസി ബസ് ഓടയിൽ ചാടി; താമരശ്ശേരി ചുരത്തിൽ 6 മണിക്കൂർ ഗതാഗതതടസ്സം

SHARE THIS ON

താമരശ്ശേരി: ചുരത്തിൽ ഇന്നലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓടയിലേക്ക് ചാടിയതിനെ തുടർന്നു 6 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട് യാത്രക്കാർ ദുരിതത്തിലായി.  പലപ്പോഴും ഒന്നാം വളവ് മുതൽ വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇത് ചില സയമങ്ങളിൽ ചുണ്ട വരെ നീളുകയും ചെയ്തു.

മൈസൂരുവിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ വൈകിട്ട് 3.15നാണ് 9,8 വളവുകൾക്കിടയിൽ ഓവ് ചാലിലേക്ക് ചാടിയത്. ചുരം കയറി വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസ് കണ്ടു വളവിൽ ചവിട്ടി നിർത്താൻ ശ്രമിച്ചപ്പോൾ പെഡൽ താഴ്ന്നു പോയതോടെ കയറി വന്ന ബസിൽ തട്ടാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

സംഭവ സമയം തന്നെ വിവരം അറിയിച്ചെങ്കിലും 6.30നാണ് താമരശ്ശേരി ഡിപ്പോയിൽ നിന്ന് ആർആർടി വാൻ ചുരത്തിലെ അപകട സ്ഥലത്ത് എത്തിയത്. ഇവർ എത്തിയിട്ടും ബസ് മാറ്റാൻ കഴിയാതെ വന്നതിനെ തുടർന്ന് ക്രെയിൻ ഉപയോഗിക്കുന്നവരെ വരുത്തിയാണു രാത്രി 9.20 ന് ബസ് നീക്കി ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.

ഇന്നലെ പെരുന്നാൾ കഴിഞ്ഞുള്ള അവധി ദിവസം കൂടിയായിരുന്നതു കൊണ്ട് ചുരത്തിൽ വലിയ വാഹന തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ കൂടെ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് വൺവേയായി ഗതാഗതം നിയന്ത്രിച്ചതോടെ ചുരത്തിൽ റോഡിനിരുവശത്തും വാഹനങ്ങൾ മുന്നോട്ട് പോകാനാകാതെ യാത്രക്കാർ വിഷമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!