ആരാധനാലയങ്ങളിലെ നിയന്ത്രണം: അന്തിമ തീരുമാനം തിങ്കളാഴ്ച-മലപ്പുറം കളക്ടര്‍

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിൽ പ്രവേശനം അഞ്ചുപേർക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവിൽ അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിലെ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടക്കുന്നുണ്ട്. സംസ്ഥാനതലത്തിലുള്ള തീരുമാനം അന്നുണ്ടാകും. അതിന് ശേഷം ജില്ലയിലെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും കളക്ടർ അറിയിച്ചു. അതേസമയം മലപ്പുറത്ത് നിരോധനാജ്ഞ നിലവിലുള്ളിടങ്ങളിൽ ഈ നിയന്ത്രണം തുടരും.

