ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ട് ചെയ്യാൻ എത്തുന്നവര്‍ക്ക് റെയില്‍വേയുടെ സ്പെഷല്‍ ട്രെയിൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത.
നാട്ടിലെത്തി വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തില്‍ റെയില്‍വേ സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് സർവീസ്. 26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിൻ ബംഗളൂരുവില്‍ നിന്ന് പുറപ്പെടും.
26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26-ന് രാത്രി 11.50-ന് കൊച്ചുവേളിയില്‍ നിന്നും തിരികെ സർവീസ് ആരംഭിക്കും. 27-ന് രാവിലെ എട്ട് മണിയോടെ ട്രെയിൻ ബംഗളൂരുവിലെത്തും. വോട്ടെടുപ്പ് ദിവസം ബംഗളൂരുവില്‍ നിന്നുളള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. സ്പെഷല്‍ ട്രെയിനുകളില്‍ ഉള്‍പ്പെടെ ടിക്കറ്റിനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.