KSDLIVENEWS

Real news for everyone

കണ്ണീരണിഞ്ഞ് ഐപിഎല്ലും: മത്സരത്തിന് മുമ്പായി പഹല്‍ഗാം ഭീകരാക്രമണം അപലപിച്ച് ക്യാപ്റ്റന്‍മാര്‍; താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു/വീഡിയോ

SHARE THIS ON

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ മൈതാനത്തിറങ്ങിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്. രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായാണ് കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചത്. മാച്ച് തുടങ്ങും മുമ്പ് താരങ്ങളും മാച്ച് ഒഫീഷ്യല്‍സും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കാണികള്‍ ഒന്നാകെയും ഒരു മിനിറ്റ് മൗനമാചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ടോസ് വേളയില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അപലപിച്ചു. 

വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം ആരംഭിച്ചത്. എട്ട് കളികളില്‍ എട്ട് പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് പോയന്‍റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് ആകട്ടെ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. 

ഇന്നലെ, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.

ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!