KSDLIVENEWS

Real news for everyone

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളെ പ്രശംസിച്ച്‌ ഖത്തറും ഈജിപ്തും

SHARE THIS ON

ദോഹ/കെയ്റോ: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവയുടെ നീക്കത്തെ ഖത്തറും ഈജിപ്തും പ്രശംസിച്ചു.

അംഗീകാരം നല്‍കുന്നത് സ്വാഗതാർഹമായ നടപടിയാണെന്ന് ഇസ്രായേലിനും ഹമാസിനുമിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇരുരാഷ്ട്രങ്ങളും പ്രതികരിച്ചു.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ പ്രഖ്യാപനം പിന്തുണക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന സുപ്രധാന ചുവടുവയ്പാണിതെന്നും മറ്റ് രാജ്യങ്ങളും ഇൗ മാതൃക പിൻപറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ അഭിപ്രായപ്പെട്ടു.

ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടികള്‍ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ അറിയിച്ചത്. ആദ്യം നോർവേ പ്രധാനമന്ത്രി ജൊനാസ് ഗഹർ സ്റ്റോ ആണ് പ്രഖ്യാപനം നടത്തിയത്. ‘ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ല. ഇതുവഴി നോർവേ അറബ് സമാധാന പദ്ധതിയെയും അംഗീകരിക്കുകയാണ്’- അദ്ദേഹം പറഞ്ഞു. പിറകെ അയർലൻഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും മേയ് 28ഓടെ നടപടികള്‍ പൂർത്തിയാക്കി ഫലസ്തീനെ എല്ലാ അവകാശങ്ങളോടെയും അംഗീകരിക്കുകയാണെന്ന് അറിയിച്ചു.

143 രാജ്യങ്ങള്‍ നിലവില്‍ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നവരാണ്. െസ്ലാവീനിയ, മാള്‍ട്ട രാജ്യങ്ങള്‍ കഴിഞ്ഞ മാർച്ചില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, യൂറോപ്പിലെ നിരവധി രാജ്യങ്ങളും അമേരിക്കയും അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കഴിഞ്ഞദിവസം നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ക്രിമിനല്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരപ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.

അംഗീകാരത്തില്‍ പ്രതിഷേധമറിയിച്ച്‌ ഇസ്രായേല്‍, അയർലൻഡിലെയും നോർവേയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ചു. ഇസ്രായേല്‍ മന്ത്രി ഇത്തമർ ബെൻഗ്വിർ അല്‍അഖ്സയില്‍ പ്രവേശിച്ച്‌ സംഘർഷം സൃഷ്ടിക്കുമെന്ന സൂചന നല്‍കി. ഫലസ്തീനുള്ള നികുതിപ്പണം പിടിച്ചുവെക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി സ്മോട്രിച്ചും പ്രഖ്യാപിച്ചു. എന്നാല്‍, വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നേതൃത്വവും ഹമാസും നടപടി സ്വാഗതം ചെയ്തു. സൗദി അറേബ്യയടക്കം രാജ്യങ്ങളും പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചു.

വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികളുടെ പരമാധികാരം അംഗീകരിക്കുന്നതാണ് ഫലസ്തീൻരാഷ്ട്ര അംഗീകാരം. ദ്വിരാഷ്ട്ര പരിഹാരം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഫലസ്തീനികളും ഇതിനെ കാണുന്നത്. ഓസ്ലോ കരാറടക്കം ഫലസ്തീൻ വിഷയത്തില്‍ സുപ്രധാന ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ നോർവേയാണ് ഫലസ്തീന് പുതുതായി അംഗീകാരം പ്രഖ്യാപിച്ച മൂന്നു രാജ്യങ്ങളില്‍ ആദ്യമായി എത്തിയതെന്നതും പ്രാധാന്യമർഹിക്കുന്നതാണ്.

1988 നവംബറില്‍ അല്‍ജീരിയയിലെ യോഗത്തിലാണ് ഫലസ്തീൻ ദേശീയ കൗണ്‍സില്‍ ആദ്യമായി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നത്. തൊട്ടുപിറകെ അല്‍ജീരിയ ഫലസ്തീന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യവുമായി. വൈകാതെ ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. 2010ലും തൊട്ടടുത്ത വർഷത്തിലുമായി ബ്രസീല്‍, അർജന്റീന, ചിലി അടക്കം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അംഗീകാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!