യുഎഇയിൽ ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത; കുവൈത്തിൽ 5 ദിവസം അവധി

ദുബായ്: യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ് ആദ്യദിനമാകുമെന്ന് കരുതപ്പെടുന്നു.
എങ്കിലും ആദ്യത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനു ശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കുകയുള്ളൂ. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്.
കുവൈത്തിൽ 5 ദിവസം പെരുന്നാൾ അവധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.