ഇതിഹാസം പടിയിറങ്ങുന്നു; റയൽ മാഡ്രിഡിനോട് വിടപറയാൻ ലൂക്കാ മോഡ്രിച്ച്

മാഡ്രിഡ്: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിക്കാൻ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്. ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ ലാലീഗ മത്സരമാകും സ്പാനിഷ് ക്ലബിനൊപ്പമുള്ള സീനിയർ താരത്തിന്റെ അവസാന മത്സരം. 39 കാരൻ ഇതുവരെ 590 മാച്ചുകളിലാണ് റയൽ തൂവെള്ള ജഴ്‌സിയണിഞ്ഞത്. ആരാധകർക്കായി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം റയൽ വിടുന്നതായി മോഡ്രിച്ച് പ്രഖ്യാപിച്ചത്.
‘എല്ലാത്തിനുമൊരു തുടക്കവും അവസാനവുമുണ്ട്. ഒടുവിൽ ആ സമയം വന്നിരിക്കുന്നു. ശനിയാഴ്ച സാന്റിയാഗോ ബെർണബ്യുവിൽ അവസാന മത്സരം കളിക്കും’- ഇൻസ്റ്റഗ്രാം കുറിപ്പിൽ ഇതിഹാസ താരം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ടീമിനൊപ്പം കളിക്കണമെന്ന ആഗ്രഹവുമായാണ് 2012ൽ മാഡ്രിഡിൽ വന്നിറങ്ങിയത്. ഇവിടെ കളിക്കാനായത് വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ജീവിതം മാറ്റിമറിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ വിജയയുഗങ്ങളിലൊന്നിന്റെ ഭാഗമാകാനായതിൽ അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി. ഇതിഹാസതാരത്തോടുള്ള ആദരസൂചകരമായി ഈ സീസണിൽ റയലിന്റെ ക്യാപ്റ്റൻ സ്ഥാനം മോഡ്രിച്ചിന് നൽകിയിരുന്നു. സ്പാനിഷ് ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് ഉൾപ്പെടെ പ്രധാന ട്രോഫികളെല്ലാം താരം സ്വന്തമാക്കിയിട്ടുണ്ട്.