ലുക്ക് മാറി, ഫീച്ചർ കൂടി; പുത്തൻ ടാറ്റ അൾട്രോസ് എത്തി

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഫീച്ചറുകളുമായി പുത്തൻ ടാറ്റ അൾട്രോസ് എത്തി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആകർഷകമായ മാറ്റങ്ങളോടൊപ്പം ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് ടാറ്റയുടെ ഈ പ്രീമിയം ഹാച്ച്ബാക്ക് എത്തിയിരിക്കുന്നത്. സ്മാർട്ട്, പ്യൂർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ മുഖം മിനുക്കിയെത്തിയ മോഡൽ സ്വന്തമാക്കാം. 6.89 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില.
പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയർ, നവീകരിച്ച ഇന്റീരിയർ, പുതിയ ഫീച്ചറുകൾ എന്നിവയാണ് പുതിയ അൾട്രോസിന്റെ സവിശേഷത. 3D ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിങ്ങ് ഡോർ ഹാൻഡിലുകൾ, എൽഇഡി ലൈറ്റ്ബാർ ഉള്ള പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ 2ടോൺ അലോയ് വീലുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബാക്ക്‌ലിറ്റ് ടാറ്റ ലോഗോയോടുകൂടിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഉൾവശത്തെ പ്രത്യേകത. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ.
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സിഎൻജി, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ ടാറ്റ ആൾട്രോസ് ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഉണ്ട്.