കനത്ത മഴ: കണ്ണൂരിൽ മണ്ണിടിച്ചിലിൽ ഒരു മരണം; ആലപ്പുഴയിൽ മരം വീണ് വീടുകൾ തകർന്നു; തലസ്ഥാനത്ത് റെഡ് അലര്‍ട്ട്

കണ്ണൂർ: പെരിങ്ങോം ചൂരലിൽ മണ്ണിടിച്ചിലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമൻ ആണ് മരിച്ചത്. കനത്ത മഴയിൽ ചെങ്കൽപണയിലാണ് മണ്ണിടിച്ചിലുണ്ടായത്. ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മണ്ണിടിച്ചിൽ സമയത്ത് ക്വാറിയിൽ നിരവധി തൊഴിലാളികളുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽകോളേജി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തലസ്ഥാനത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി.
ആലപ്പുഴ എടത്വയിൽ മരം വീണ് വീട് തകർന്നു. തലവടി ഇരുപതിൽചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് കനത്ത മഴയിലും കാറ്റിലും വലിയ ആഞ്ഞിലി മരം കടപുഴകിവീണത്. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായമായ അമ്മയും മകനും കൊച്ചുമകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകൻ വൈദ്യുതി ലൈനിൽ നിന്നും തീ ഉയരുന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടി കയറുമ്പോഴായിരുന്നു മരം വീണത്.
തൃശ്ശൂരിലും കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
ശക്തമായ മഴയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച പന്തലാണ് തകർന്നുവീണത്.