KSDLIVENEWS

Real news for everyone

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

SHARE THIS ON

റിയാദ്: പ്രവാസികൾക്ക് സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും. ആറ് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നു. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്‍ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്‍പോർട്ട് ജോലികൾ, കസ്റ്റമർ സര്‍വീസസ് ജോലികൾ, ഏഴ്വിഭാഗത്തില്‍പെടുന്ന വിൽപന ഔട്ട്‍ലെറ്റുകളിലെ ജോലികൾ എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇതിലൂടെ 33,000 ല്‍ അധികം തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്കായി ലക്ഷ്യമിടുന്നത്.



അസിസ്റ്റന്റ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്‍പോർട്ടർ, വിമാന പൈലറ്റുമാർ, എയർഹോസ്‍റ്റസ് എന്നീ തൊഴിലുകളാണ് വ്യോമയാന രംഗത്ത് സ്വദേശിവത്കരിക്കുന്നത്. വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

മെഡിക്കൽ ഒപ്റ്റിക്സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികളാണ് കണ്ണട മേഖലയിൽ സ്വദേശിവത്കരിക്കുന്നത്.

വെഹിക്കിൾ പീരിയോഡിക്കൽ ടെസ്റ്റ് കേന്ദ്രത്തിലെ സൈറ്റ് മാനേജർ, അസിസ്‍റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്‍പെക്ഷൻ ടെക്നീഷ്യൻ, ഇൻസ്‍പെക്ഷൻ അസിസ്റ്റന്റ് ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി എന്നീ തസ്‍തികകളാണ് സ്വദേശിവത്കരിക്കുന്നത്.

തപാൽ, പാഴ്‍സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 വിഭാഗം ജോലികൾ സ്വദേശിവത്കരിക്കും.

ഉപഭോക്തൃ സേവന (കസ്റ്റമർ സർവിസ്) സ്ഥാപനങ്ങളിലെ തൊഴിൽ സ്വദേശിവത്കരണം 100 ശതമാനമാണ്. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‍ലെറ്റുകൾ, എലിവേറ്ററുകൾ, ഗോവണികൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്‍ലറ്റുകൾ, കൃത്രിമ പുല്ലും പൂളുകളും വിൽക്കുന്നതിനുള്ള ഔട്ട്‍ലറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ഷോപ്പുകൾ, കാറ്ററിങ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയും സ്വദേശിവത്കരണ തീരുമാനത്തിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!