സഹകരണം ശക്തമാക്കാനുറച്ച് ഇറാനും യു.എ.ഇയും; ഇറാന് വിദേശകാര്യ മന്ത്രിയുമായി യു.എ.ഇ പ്രസിഡന്റ് ചര്‍ച്ച നടത്തി

പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാൻ യു.എ.ഇയും ഇറാനും തമ്മില്‍ ധാരണ. അബൂദബിയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലാഹിയാൻ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
അബൂദബി അല്‍ ശാത്തി കൊട്ടാരത്തില്‍ ആയിരുന്നു ശൈഖ് മുഹമ്മദ് ബിൻ സായിദും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിലെ കൂടിക്കാഴ്ച. സാമ്ബത്തികം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഏകോപനം വിപുലപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗള്‍ഫ് മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനും പരോഗതിക്കും ഗുണകരമാകുമാറുള്ള അനുകൂല കാര്യങ്ങള്‍ ചര്‍ച്ചയില്‍ രൂപപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
ഇറാൻ പ്രസിഡൻറ് ഇബ്രാഹിം അല്‍ റഈസിയുടെ ഭാവുകങ്ങള്‍ യു.എ.ഇ നേതാക്കള്‍ക്ക് ഹുസൈൻ അമിറബ്ദുല്ലാഹിയാൻ കൈമാറി. ഇറാൻ നേതാക്കള്‍ക്ക് യു.എ.ഇ പ്രസിഡൻറും ആശംസ കൈമാറി. ശൈഖ് മൻസൂര്‍ ബിൻ സായിദ്, ശൈഖ് അബ്ദുല്ല ബിൻ സായിദ്, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, അലി അല്‍ ശംഷി, ഖലീഫ അല്‍ മറാര്‍, സൈഫ് അല്‍ ശഅബി എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടന ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുമായി ഭിന്നതകള്‍ മറന്ന് സഹകരിക്കുമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

