ഇസ്രയേലിലേക്ക് ഖൊറംഷഹർ-4 ഉൾപ്പെടെ വർഷിച്ച് ഇറാൻ: സൈറനടിച്ചില്ല, പോര്മുന വേർപിരിഞ്ഞു മിസൈലെത്തി

“ഇറാന്റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രയേലിൽ ഒരു മണിക്കൂറോളം വ്യത്യാസത്തിൽ സൈറണുകൾ മുഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും ജറുസലേമിലും മിസൈലുകൾ പതിച്ചതായി സ്ഥിരീകരണമുണ്ട്. ഇറാന്റെ ഏറ്റവും വലിയ മിസൈലുകളിലൊന്നായ ‘ഖൊറംഷഹർ-4’ (Khorramshahr-4) ഉൾപ്പെടെയുള്ളവയാണ് ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മിസൈൽ മഴയിൽ രാജ്യം, അതീവ ജാഗ്രതാ നിർദേശം
വടക്കൻ ഇസ്രയേലിൽ സൈറണുകൾ തുടർച്ചയായി മുഴങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. പിന്നീട് സൈറണുകൾ നിലച്ചെങ്കിലും വീണ്ടും മുന്നറിയിപ്പുകൾ വരുന്നുണ്ട്. രാജ്യത്തെ ജനങ്ങളോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും സൈന്യം കർശന നിർദേശം നൽകിയിട്ടുണ്ട്. യുഎസ് നടപടിക്ക് ശേഷം ഇറാൻ കുറഞ്ഞത് 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി.
ഖോറാംഷഹർ 4 മിസൈൽ.
മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാതെ ഹൈഫയിൽ മിസൈൽ പതിച്ച സംഭവം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. എയർ ഡിഫൻസ് ഇന്റർസെപ്റ്റർ തകരാറല്ലെന്നും, ശരിയായി കണ്ടെത്താൻ കഴിയാതിരുന്ന ഒരു ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആയിരുന്നുവെന്നും തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഗരത്തിലെ ഒരു പൊതുസ്ഥലത്താണ് ഈ ഇറാനിയൻ മിസൈൽ പതിച്ചത്. അപകടസ്ഥലത്തിന് അടുത്തായിരുന്ന ഒരാൾ ഉൾപ്പെടെ മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റു.
മിസൈലിന്റെ വാർഹെഡ് തിരിച്ചറിയുന്നതിൽ “സൂക്ഷ്മമായ സാങ്കേതിക തകരാർ” സംഭവിച്ചതായി ഹോം ഫ്രണ്ട് കമാൻഡിന്റെയും ഇസ്രയേൽ എയർഫോഴ്സിൻ്റെയും അന്വേഷണത്തിൽ പറയുന്നു. ഈ സാങ്കേതിക പിഴവ് കാരണമാണ് സൈറണുകൾ മുഴങ്ങുകയോ മിസൈലിനെ തടയാൻ ഇൻ്റർസെപ്റ്ററുകൾ വിക്ഷേപിക്കുകയോ ചെയ്യാതിരുന്നത്. ഹോം ഫ്രണ്ട് കമാൻഡിന്റെ മുന്നറിയിപ്പ് സംവിധാനത്തിൽ തകരാറില്ലെന്നും, ഇസ്രയേൽ എയർഫോഴ്സിന് മിസൈൽ കണ്ടെത്താൻ കഴിയാതിരുന്നതിലാണ് പിഴവുണ്ടായതെന്നും സൈന്യം വിശദീകരിച്ചു.

