KSDLIVENEWS

Real news for everyone

ഖത്തറില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യുഎസ് സൈനിക താവളം, ഇറാഖിലും ആക്രമണമെന്ന് അറബ് മാദ്ധ്യമങ്ങള്‍

SHARE THIS ON

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ആകാശത്ത് മിസൈലുകള്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

യുഎസ് താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ആറ് മിസൈലുകളാണ് ഖത്തറിലേക്ക് ഇറാന്‍ തൊടുത്തത്. ഇത് വെടിവെച്ചിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തില്‍ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം. അയല്‍രാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.

ഖത്തറിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയട്ടുണ്ട്. അധികൃതരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം ഇറാന്റെ നടപടിയെ അപലപിച്ച്‌ ഖത്തര്‍ രംഗത്ത് വന്നു. ഇറാഖിലേയും അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതായി അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അമ്ബത് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.

യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈല്‍ ലോഞ്ചറുകള്‍ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓപ്പറേഷന്‍ ബഷാരത് അല്‍ ഫത് എന്ന പേരിലാണ് അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട്് ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാന്റെ സൈനിക നടപടിക്ക് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ആരംഭിച്ചു. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!