ജാഗ്രതപാലിക്കുക, താമസ സ്ഥലങ്ങളില്‍ തുടരുക -ഇന്ത്യക്കാര്‍ക്ക് നിര്‍ദേശവുമായി എംബസി

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈല്‍ ആക്രമണം നടന്നതിനു പിന്നാലെ പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഖത്തർ ഇന്ത്യൻ എംബസി.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താമസ സ്ഥലങ്ങളില്‍ സുരക്ഷിതമായിരിക്കണമെന്നും ഇന്ത്യൻ എംബസി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ നിർദേശം നല്കി. ഖത്തർ സർക്കാർ നിർദേശങ്ങള്‍ പാലിക്കണമെന്നും എംബസി വ്യക്തമാക്കി.
ഖത്തറിലെ അല്‍ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് എംബസിയുടെ നിർദേശം. മൂന്ന് മിസൈലുകള്‍ ഉദൈദ് വ്യോമ താവളത്തില്‍ പതിച്ചതായി ഖത്തർ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോർട്ട് ചെയ്തു.
ഖത്തർ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചായിരുന്നു ഇറാന്റെ ആക്രമണം. ‘ബശാഇർ അല്‍ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കൻ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം ആരംഭിച്ചത്.
നേരത്തെ തന്നെ ആക്രമണം നടക്കുമെന്ന സൂചനയെ തുടർന്ന് അന്താരാഷ്ട്ര വ്യോമ പാത ഖത്തർ അടച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഖത്തർ
വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും. അതേസമയം, രാത്രി ഒമ്ബത് മണിവരെമാത്രമാണ് താല്കാലികമായ വ്യോമപാത റദ്ദാക്കുന്നതെന്ന് ട്രാവല്‍ ഏജൻസികള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഖത്തറിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ മറ്റു വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ചു വിടാൻ നിർദേശം നല്‍കിയതായും എയർലൈൻ അധികൃതർ അറിയിച്ചു.